03 December Friday

മുരളീധരനെ അറസ്‌റ്റ്‌ ചെയ്യണം: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

മേയർ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരൻ നടത്തിയ അസഭ്യവർഷത്തിൽ പ്രതിഷേധിച്ച് സിപിഐ എം ഹൗസിങ്‌ ബോർഡ്‌ ജങ്‌ഷനിൽ നടത്തിയ 
പന്തംകൊളുത്തി പ്രകടനം

തിരുവനന്തപുരം
മേയർ ആര്യ രാജേന്ദ്രനെതിരെ സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ കെ മുരളീധരൻ എംപിയെ  അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. 
പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതുമാണ്. ബിജെപിയുടെ "ബി’ ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് അവർക്കൊപ്പം കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുംവിധം സമരാഭാസം നടത്തുകയാണ്‌. വസ്തുതകൾ  എൽഡിഎഫും മേയറും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.  
സമരാഭാസം തുറന്ന് കാട്ടപ്പെട്ടതിന്റെ ജാള്യതയും രോഷവുമാണ് മേയർക്കെതിരെ പരാമർശം നടത്താൻ  മുരളീധരനെ പ്രേരിപ്പിച്ചത്.  അദ്ദേഹത്തിന്റെ പൂർവകാല ചെയ്തികൾ അറിയുന്നവർക്ക് ഇതിൽ അത്ഭുതമില്ല. 
മേയറും  വനിതയുമായ വ്യക്തിയെക്കുറിച്ചാണ് ഈ പരാമർശമെന്നത്‌ ഗൗരവമുള്ളതാണ്. പാർലമെന്റംഗം എന്ന പദവിയോട് നീതിപുലർത്താത്ത  പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. 
കെ മുരളീധരനെതിരെ കേസെടുത്ത് അന്വേഷണം  നടത്താനും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറാകണമെന്നും ആനാവൂർ ആവശ്യപ്പെട്ടു.
 
മേയർ പരാതി നൽകി
തിരുവനന്തപുരം
കെ മുരളീധരൻ എംപിക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ മ്യൂസിയം പൊലീസിൽ പരാതി നൽകി.  മുരളീധരന്റെ പരാമർശം അപകീർത്തികരവും സ്‌ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
മുരളീധരൻ മാപ്പ്‌ പറയണം: മഹിളാ അസോസിയേഷൻ
തിരുവനന്തപുരം
മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ മുരളീധരൻ എംപി മാപ്പു പറയണമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ. കെ മുരളീധരൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും നീചവുമാണ്. 
യുവതലമുറയെ ഭരണനേതൃത്വത്തിലേക്ക് എത്തിക്കുക എന്ന ഇടതുപക്ഷ നയത്തിന്റെ ഭാഗമായാണ് ഇരുപത്തിയൊന്നുകാരി ആര്യ മേയാറാകുന്നത്. അന്നുമുതൽ പ്രതിപക്ഷ നിരകളിൽനിന്ന്‌ അഭിലഷണീയമല്ലാത്ത പലതരം പരാമർശം ഉണ്ടായിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് ആര്യ രാജേന്ദ്രൻ നയിക്കുന്ന കൗൺസിൽ ഭരണമികവ് തെളിയിച്ചു. മേയർ ഒരു സ്ത്രീയായി പോയി എന്ന കാരണത്താൽ കെ മുരളീധരൻ വ്യക്‌തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗമാണ് നടത്തിയത്. കെ മുരളീധരൻ ജനപ്രതിനിധിയായി തുടരാൻ അർഹനല്ല. പ്രസ്താവന പിൻവലിച്ച്‌ മാപ്പ് പറയാൻ അദ്ദേഹം തയ്യാറാകണം.   ദ്വയാർഥ പ്രയോഗത്തിൽ മേയറെ അപമാനിച്ച കെ മുരളീധരൻ എംപിക്കെതിരെ പൊലീസ്‌ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നും പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി എസ് സുജാത എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top