28 September Tuesday

കിഴങ്ങുകൃഷിയിലെ രാജൻ ടച്ച്‌; 
തേടിയെത്തിയത്‌ ദേശീയ പുരസ്കാരം

സ്വന്തം ലേഖകൻUpdated: Monday Jul 26, 2021

രാജൻ പൂവക്കുടി തന്റെ കൃഷിയിടത്തിൽ

 
പാറശാല - 
കേന്ദ്ര കിഴങ്ങുഗവേഷണകേന്ദ്രത്തിന്റെ മികച്ച കിഴങ്ങുകർഷകനുള്ള പുരസ്‌കാരം നേടിയ രാജൻ പൂവക്കുടി പ്രദേശത്തെ കിഴങ്ങുകൃഷിയുടെ അമരക്കാരനാണ്. മൂന്നര ഏക്കറിലധികം ഭൂമിയിലാണ് രാജൻ മരച്ചീനി കൃഷി ചെയ്യുന്നത്. ഇതിനുപുറമെ ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, നനകിഴങ്ങ് എന്നിവ വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. വാഴ, വിവിധയിനം പച്ചക്കറി, വ്‌ളാത്താങ്കര ചീര എന്നിവയും രാജന്റെ കൃഷിസ്ഥലത്തുണ്ട്‌. 
ചെങ്കൽ വ്ളാത്താങ്കരയിലെ പരമ്പരാഗത കർഷക കുടുംബത്തിലാണ് രാജൻ ജനിച്ചത്. അച്ഛന്റെ കാലംമുതലെ കുടുംബപരമായി കൃഷിയാണ്‌. വ്ളാത്താങ്കരമുതൽ വട്ടവിള കുന്നൻവിളവരെയുള്ള ഭാഗങ്ങളിലെ ഏലാകളിലാണ് മരച്ചീനി കൃഷി ചെയ്യുന്നത്. പാട്ടത്തിനെടുത്ത ഭൂമിയിലാണ്‌ കൃഷി. വർഷത്തിൽ എല്ലാ ദിവസവും വിൽപ്പനയ്ക്കാ‌യി മരച്ചീനി ലഭിക്കുന്ന തരത്തിലാണ് കൃഷി ഇറക്കുന്നത്. അതിരാവിലെ മരച്ചീനി ചന്തകളിൽ നേരിട്ട് വിപണിയിലെത്തിക്കുകയാണ് പതിവ്. കാലവർഷക്കെടുതിയിൽ പലപ്പോഴും കൃഷി നാശത്തിലൂടെ വൻ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും കൃഷി ഉപേക്ഷിച്ച് മറ്റൊരു ജീവിതമില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് രാജൻ. ദേശീയ പുരസ്‌കാരം രാജനിലൂടെ വ്ളാത്താങ്കരയെന്ന കാർഷിക ഗ്രാമത്തെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് കർഷകരും നാട്ടുകാരും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top