29 November Tuesday
ചെങ്കൊടി ഉയർന്നു

സിഐടിയു ജില്ലാ സമ്മേളനം ഇന്ന്‌ തുടങ്ങും

സ്വന്തം ലേഖകർUpdated: Sunday Sep 25, 2022

സിഐടിയു ജില്ലാസമ്മേളനത്തോടനുബന്ധിച്ച്‌ തിരുവല്ലം ശിവരാജൻ നഗറിൽ (കാട്ടാക്കട ബസ് സ്റ്റാൻഡ്‌ മെെതാനം) ജില്ലാ സെക്രട്ടറി സി ജയൻബാബു പതാക ഉയർത്തുന്നു

കാട്ടാക്കട
ഐതിഹാസിക തൊഴിലാളി പ്രക്ഷോഭങ്ങൾ ജ്വലിച്ചുയർന്ന കാട്ടാക്കടയുടെ മണ്ണിൽ ‘വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം' എന്ന മുദ്രാവാക്യമുയർത്തി സിഐടിയു ജില്ലാ സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും. 
ശനി വൈകിട്ട് പൊതുസമ്മേളന വേദിയായ തിരുവല്ലം ശിവരാജൻ നഗറിൽ (കാട്ടാക്കട ബസ് സ്റ്റാൻഡ്‌ മെെതാനം) സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു പതാക ഉയർത്തി. ജില്ലയിൽ തൊഴിലാളി വർഗ മുന്നേറ്റത്തിന്‌ കരുത്തുപകർന്ന നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽനിന്ന്‌ കൊടിമര, പതാക, ദീപശിഖാ ജാഥകൾ അത്‌ലറ്റുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗറിൽ സംഗമിച്ചു. 
ഞായർ രാവിലെ പത്തിന് കാട്ടാക്കട ശശി നഗറിൽ (ആർകെഎൻ ഹാൾ) സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി, കെ എസ് സുനിൽകുമാർ, കെ ഒ ഹബീബ്, സി കെ ഹരികൃഷ്ണൻ, പി എസ് മധുസൂദനൻ, ജോസ്‌ ടി എബ്രഹാം, പി പി ചിത്തരഞ്ജൻ എന്നിവർ പങ്കെടുക്കും.
രണ്ട് ദിവസത്തെ സമ്മേളനത്തിൽ 400 പ്രതിനിധികളും 35 ഭാരവാഹികളും 10 മേൽകമ്മിറ്റി പ്രതിനിധികളും ഉൾപ്പടെ 445 പേർ പങ്കെടുക്കും. തിങ്കൾ വൈകിട്ട്‌ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  ഉദ്‌ഘാടനം ചെയ്യും.
കൊടിമര ജാഥ പൂവച്ചൽ മുളമൂട്‌ കാട്ടാക്കട ശശി സ്മൃതിമണ്ഡപത്തിൽ ജി സ്‌റ്റീഫൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഹാജ നവാസ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ആർ രാമു, മണ്ണാറം രാമചന്ദ്രൻ, കെ എസ് സുനിൽകുമാർ, ഐ സാജു, കെ ഗിരി, കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. പതാക തിരുവല്ലം ശിവരാജന്റെ വീട്ടിൽനിന്ന്‌ കൈമാറി. ജാഥ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഇ ജി മോഹനൻ ക്യാപ്റ്റനും എ ജെ സുക്കാർണോ മാനേജരുമായി. പി രാജേന്ദ്രകുമാർ, പി എസ് ഹരികുമാർ, സി പ്രസന്നകുമാർ, പാറക്കുഴി സുരേന്ദ്രൻ, ടി മല്ലിക, എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
ആവേശം ജ്വലിച്ച്‌ 
ദീപശിഖാപ്രയാണം
ആനയറയിൽ പേട്ട കൃഷ്ണൻകുട്ടിയുടെ വസതിയിൽനിന്ന് ആരംഭിച്ച് കോട്ടയ്ക്കകം ശിവന്റെ സ്മൃതിമണ്ഡപത്തിൽനിന്നും പി രാജേന്ദ്രദാസിന്റെ സ്മൃതിമണ്ഡപത്തിൽനിന്നും ദീപശിഖകൾ സ്വീകരിച്ച് ജാഥ ആരംഭിച്ചു. എസ് പുഷ്പലത ക്യാപ്റ്റനായും ടി രവീന്ദ്രൻനായർ മാനേജരുമായി. കൈതമുക്കിൽ രാജേന്ദ്രദാസ് സ്മൃതിമണ്ഡപത്തിൽ മന്ത്രി വി ശിവൻകുട്ടി ദീപശിഖ ക്യാപ്റ്റന് കൈമാറി. സി ലെനിൻ, കെ കൃഷ്ണകുമാർ, ക്ലൈനസ് റൊസാരിയോ, എസ് പി ദീപക്, കെ ശ്രീകുമാർ, എസ് അനിൽകുമാർ, കല്ലറ മധു, ഡി ആർ അനിൽ എന്നിവർ സംസാരിച്ചു. പെരിങ്ങമ്മലയിൽ ശശിധരക്കുറുപ്പിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച ദീപശിഖാ റാലി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചെറ്റച്ചൽ സഹദേവൻ ജാഥാ ക്യാപ്‌റ്റനും എൻ ബാബു മാനേജരുമായി. പി എസ് മധു സംസാരിച്ചു. 
വിതുര മാങ്കാല ടി സുകുമാരൻനായരുടെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിച്ച ദീപശിഖാ ജാഥ കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചെറ്റച്ചൽ സഹദേവൻ ക്യാപ്റ്റനായി. സുകുമാരൻനായരുടെ മകൾ സരിത ദീപശിഖ കൈമാറി. എൻ ബാബു മാനേജരായി. സുനിൽകുമാർ അധ്യക്ഷനായി. എൻ ഷൗക്കത്തലി, ആർ സജയൻ, എസ് സഞ്ജയൻ, എൻ ശ്രീധരൻ, പി അയ്യപ്പൻപിള്ള, ഷാജി മാറ്റാപ്പള്ളി, വിനീഷ് കുമാർ, എസ് എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. കഴക്കൂട്ടം ആറ്റിപ്ര സദാനന്ദൻ സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖാ റാലി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ് എസ് ബിജു അധ്യക്ഷനായി. ശ്രീകാര്യം അനിൽ, മേടയിൽ വിക്രമൻ, വി സാംബശിവൻ, ഡി രമേശൻ, വി സുരേഷ് ബാബു, ആർ രാജേഷ്, പി ഗോപകുമാർ എന്നിവർ സംസാരിച്ചു. കടകംപള്ളി സുരേന്ദ്രനിൽനിന്ന്‌ ക്യാപ്റ്റൻ വി ജയപ്രകാശ് ദീപശിഖ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top