നെയ്യാറ്റിൻകര > നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോൺഗ്രസുകാരനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. കൂട്ടപ്പന കീർത്തന ഹൗസിൽ ശാന്തിഭൂഷണെയാണ് (36) നെയ്യാറ്റിൻകര ഡിവൈഎസ്പി ബി ഹരികുമാർ അറസ്റ്റ് ചെയ്തത്. കോടതിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് ശാന്തിഭൂഷൺ. ഏപ്രിലിൽ മെഡിക്കൽ കോളേജ് ഭാഗത്ത് 135 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണിയാൾ. 2016 ഒക്ടോബറിൽ മലപ്പുറത്ത് പൊലീസ് സബ്ഇൻസ്പെക്ടറെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. നെയ്യാറ്റിൻകര ആശുപത്രി ജങ്ഷനിൽ മെഡിക്കൽ സ്റ്റോർ നടത്തുകയായിരുന്ന നൂർജഹാൻ എന്ന വീട്ടമ്മ വസ്തുവിറ്റ ഒരുകോടിയിലേറെ വരുന്ന തുക സിനിമാസ്റ്റൈലിൽ തട്ടിയ കേസിലെ പ്രതിപ്പട്ടികയിലും ഇയാളുണ്ട്.
നൂർജഹനെ പിന്നീട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മോഷണം, അടിപിടി, പിടിച്ചുപറി, കഞ്ചാവ് വിൽപ്പന തുടങ്ങിയ ഇരുപത്തഞ്ചോളം കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം റൂറൽ എസ്പി പി അശോക്കുമാറിന്റെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈഎസ്പി ബി ഹരികുമാർ, എസ്ഐ എസ് സന്തോഷ്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ് ,എം എസ് സുരേഷ്കുമാർ, വിനോദ്കുമാർ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.