25 August Sunday

വിസ്മയമായി ലൈറ്റ‌് ആൻഡ‌് സൗണ്ട‌്സ‌് പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ലൈറ്റ്‌ ആൻഡ്‌ സൗണ്ട്‌സ്‌ പ്രദർശനത്തിൽ നിന്ന്‌

 
തിരുവനന്തപുരം
ഇ എം എസും ഇന്ദിര ഗാന്ധിയും മാർപാപ്പയും സംസാരിച്ച മൈക്കുകൾ.  പരിപാടികളിൽ വർണവിസ്മയം ഒരുക്കിയ പഴയകാല ലൈറ്റിങ‌് സംവിധാനങ്ങൾ. അമേരിക്കൻ ഷുവർ മുതൽ ഫിലിപ്സ‌് വരെ വിവിധ കമ്പനികളുടെ മൈക്ക‌് സെറ്റുകൾ. 
 
തിരുവനന്തപുരം സൗണ്ട‌്സ‌് അസോസിയേഷന്റെ പൂജപ്പുര മേഖലാസമ്മേളനത്തിന‌് മുന്നോടിയായി നടന്ന ഏകദിനപ്രദർശനത്തിലാണ‌് പോയകാലത്തിന്റെ ചരിത്രസാക്ഷികളായ ഉപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിയത‌്. 
 
നാലുവശത്തുനിന്നുമുള്ള ശബ്ദം പിടിക്കുന്ന അമേരിക്കൻ ഷുവർ മോഡലാണ‌് ശേഖരത്തിലെ കാരണവർ. 1940കളിൽ പ്രചാരത്തിലുണ്ടായിരുന്ന മൈക്ക‌് പിന്നീട‌്‌ നാടക, ഗാനമേള വേദികളിലെ സ്ഥിരം സാന്നിധ്യമായി. സിപിഐ എം പതിമൂന്നാം പാർടി കോൺഗ്രസിന്റെ ഭാഗമായി ശംഖുംമുഖത്ത‌് പൊതുസമ്മേളനം നടന്നപ്പോൾ പ്രസംഗങ്ങൾ പുത്തരിക്കണ്ടം മൈതാനിവരെ കേൾപ്പിച്ചിരുന്നു.  ഇതിനുപകരിച്ച അക്കാലത്തെ ‘ഹൈ ടെക‌്നോളജി’ ചിക്കാഗോ റേഡിയോ ആംപ്ലിഫയർ സന്ദർശകർക്ക‌് കൗതുകമായി. 
 
ഇന്നത്തെ സ‌്റ്റേജ‌് ഷോകളിൽ വർണപ്പൂരം തീർക്കുന്ന ഫ്ലഡ‌് ലൈറ്റുകളുടെ പൂർവികന്മാരായ വർണക്കടലാസ‌് കെട്ടിയ ലൈറ്റിങ‌് ഉപകരണങ്ങളും പ്രദർശനത്തിൽ ഇടംപിടിച്ചു. കോളാമ്പി മൈക്ക‌്, കാസറ്റ‌് റെക്കോർഡർ തുടങ്ങി പഴയ ഉപകരണങ്ങൾ അടുത്തറിയാനുമായി നിരവധി പേരാണ‌് എത്തിയത‌്.
 പൂജപ്പുര മണ്ഡപത്തിലായിരുന്നു പ്രദർശനം.
പ്രധാന വാർത്തകൾ
 Top