04 July Saturday

പരീക്ഷച്ചൂടിന് ലോക്ക്‌ഡൗണില്ല

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
ബാലരാമപുരം
അടച്ചുപൂട്ടലിനെ തുടർന്ന്  മാറ്റിവയ്ക്കപ്പെട്ട പൊതുപരീക്ഷകൾ ചൊവ്വാഴ്ച പുനരാരംഭിക്കാനിരിക്കെ  പരീക്ഷച്ചൂടിന് ലോക്ക്‌ഡൗണില്ലാതായി. സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പരീക്ഷാർഥികൾക്കുള്ള മാസ്‌ക്കുകളും ജാഗ്രതാ നിർദേശങ്ങളടങ്ങിയ നോട്ടീസുകളും വീടുകളിൽ എത്തിക്കാൻ തുടങ്ങി. 
ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ 13 ഹൈസ്കൂളും ഒമ്പത് ഹയർ സെക്കൻഡറിസ്കൂളും മൂന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുമാണുള്ളത്. 7800 കുട്ടികൾ പരീക്ഷയ്ക്കെത്തും. ഇവരുടെ വീടുകളിൽ  സമഗ്ര ശിക്ഷ കേരളയിലെ അധ്യാപകർ നേരിട്ടെത്തിയാണ് മാസ്‌കും നോട്ടീസും കൈമാറുന്നത്. 
വെങ്ങാനൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് സുഹൈലിന് മാസ്ക് നൽകി ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ ഉദ്‌ഘാടനം ചെയ്‌തു. ബിപിഒ എസ് ജി അനീഷ്,  പി എസ് സന്ധ്യ, എസ് ബി ഷജീല എന്നിവർ പങ്കെടുത്തു.
വെള്ളറട
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ മുന്നോടിയായി ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ ശുചീകരിച്ചു. പാറശാല ഫയർ ആൻഡ്‌ സേഫ്റ്റി ജീവനക്കാരാണ്‌ പരീക്ഷാ ഹാളുകൾ അണുനശീകരണം നടത്തിയത്‌. 
കുന്നത്തുകാൽ പഞ്ചായത്തിലെ കോരണംകോട്, മണവാരി വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂൾ പരിസരം ശുചീകരിച്ചു. ഡിവൈഎഫ്ഐ–- എസ്എഫ്ഐ മേഖലാ കമ്മിറ്റികളും ശുചീകരണത്തിന്റെ ഭാഗമായി. എസ്‌പിസി, എൻഎസ്എസ്, സ്കൗട്സ്‌ ആൻഡ് ഗൈഡ്‌സ്‌ മാസ്കുകൾ തയ്യാറാക്കി നൽകി. കുന്നത്തുകാൽ കുടുംബാരോഗ്യകേന്ദ്രത്തിലെ  ജീവനക്കാർ പരീക്ഷാ ദിവസങ്ങളിൽ തെർ‌മൽ സ്കാനർ ഉപയോഗിച്ച് പനി നിരീക്ഷിക്കുകയും മറ്റ് ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. എസ്‌പിസി യൂണിറ്റ് ഹാൻഡ് വാഷിങ്‌ ക്യാബിനുകളും തയ്യാറാക്കും.
 
പ്രധാന വാർത്തകൾ
 Top