25 October Monday

വീട്ടിൽ മോഷണം: പ്രധാന പ്രതിയും പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
കിളിമാനൂർ
വീടിന്റെ മുൻവാതിൽ പൊളിച്ച് മോഷണം നടത്തിയ സംഘത്തിലെ പ്രധാനിയും പിടിയിൽ. കേസിൽ മൂന്ന് പേർ പിടിയിലായി. വർക്കല വെട്ടൂർ മേൽവെട്ടൂർ പുതുവൽപുത്തൻവീട്ടിൽ വിഷ്ണുവാണ്‌ (27) പിടിയിലായത്. മൂന്ന് മാസമായി ഒളിവിലായിരുന്നു. ജൂൺ എട്ടിന് പുലർച്ചെ 3.45ന് മോളിച്ചന്ത വടക്കേതോട്ടത്തിൽ മനോജിന്റെ വീടിന്റെ മുൻവാതിൽ പൊളിച്ചായിരുന്നു മോഷണം. കേസിൽ ഫാന്റ്ംപൈലി, കണ്ണപ്പൻ രതീഷ് എന്നിവരെ കന്യാകുമാരി മാർത്താണ്ഡത്തെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ ആസൂത്രകൻ വിഷ്ണുവാണെന്ന് തെളിഞ്ഞത്.  
മനോജും കുടുംബവും ഒരാഴ്ച വീട്ടിലില്ലാതിരുന്നപ്പോഴാണ് മോഷണം. പൂട്ടിയിട്ടിരിക്കുന്ന വീടുകളിൽ മുൻവാതിൽ പൊളിച്ച് കയറുന്ന കള്ളൻമാരെ പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ്  പ്രതികളിലേക്ക് സൂചനയെത്തിയത്. 
നായയും സിസിടിവിയുമുള്ള വീടുകളിലുമാണ് സംഘം മോഷണത്തിനായി കയറുന്നത്. സ്വർണം, പണം തുടങ്ങിയ കവർന്നശേഷം സിസിടിവിയുടെ ഡിവിആറും കവർന്നാണ് സംഘം സ്ഥലം വിടുന്നതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പള്ളിക്കൽ സിഐ പി ശ്രീജിത്ത് പറഞ്ഞു. അറസ്റ്റിന് എസ്ഐമാരായ എം സഹിൽ, ബിജു, സീനിയർ സിപിഒമാരായ സുധീർ , മനോജ്, ബിനു എന്നിവർ നേതൃത്വം നല്കി. വിഷ്ണുവിനെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top