18 September Wednesday

കെയർഹോം @ 1750

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

കെയർഹോം പദ്ധതിപ്രകാരം മുട്ടത്തറ സർവീസ്‌ സഹകരണ ബാങ്ക്‌ നിർമിച്ച്‌ നൽകിയ വീട്‌

തിരുവനന്തപുരം

മഹാപ്രളയത്തിൽ വീട്‌ നഷ്‌ടപ്പെട്ടവർക്ക്‌ തണലൊരുക്കാനായുള്ള സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ നിർമിച്ച  1750–-ാം വീടിന്റെ താക്കോൽ ദാനം വെള്ളിയാഴ്‌ച നടക്കും.  ആനയറ അരുശുംമൂട്‌ മുഖക്കാട്‌ ലെയ്‌നിൽ ഷീലയ്‌ക്കാണ്‌ വീടൊരുക്കിയത്‌. താക്കോൽദാനം വൈകിട്ട്‌ അഞ്ചിന്‌ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സഹകരണ വകുപ്പിനുവേണ്ടി മുട്ടത്തറ സർവീസ്‌ സഹകരണ ബാങ്കാണ്‌ വീട്‌ നിർമിച്ചത്‌. പ്രധാന റോഡിൽനിന്ന്‌ അര കിലോമീറ്റർ ദൂരെയായാണ്‌ വീട്‌ നിർമിക്കേണ്ടിവന്നത്‌. ദൂരെയുള്ള പ്ലോട്ടിലേക്ക്‌ നിർമാണ സാമഗ്രികൾ എത്തിക്കുക ദുഷ്‌കരമായിരുന്നു. എന്നാൽ, ഇവരുടെ അയൽവാസി സ്വന്തം മതിൽ പൊളിച്ച്‌ സാധനങ്ങൾ കടത്തിക്കൊണ്ടുവരാൻ സൗകര്യമൊരുക്കി.    സഹകരണ സംഘങ്ങളുടെ പിന്തുണയോടെ അഞ്ച്‌ ലക്ഷംരൂപ വീതം ഓരോ വീടിനും ചെലവഴിക്കാനാണ്‌ തീരുമാനിച്ചിരുന്നതെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഇതിൽ കൂടുതൽ തുക വീടുകൾക്ക്‌ ചെലവഴിച്ചു. റീബിൽഡ്‌ കേരളയുടെ കണക്കുപ്രകാരം ജില്ലയിൽ 310 വീടാണ്‌ പൂർണമായും നശിച്ചത്‌. ഇതിൽ 62 വീടാണ്‌ കെയർ ഹോം പദ്ധതിപ്രകാരം നിർമിക്കുന്നത്‌. ഇതിൽ 41 വീട്‌ ഇതിനകം കൈമാറിക്കഴിഞ്ഞു. ആറ്‌ വീട്‌ കൈമാറ്റത്തിനായി തയ്യാറായി. 11 വീട്‌ പ്രാരംഭ ഘട്ടത്തിലാണ്‌. മൂന്ന്‌ വീടിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. ഒരു വീടിന്റെ കല്ലിടൽ കഴിഞ്ഞു. നിർമാണം ഉടൻ തുടങ്ങും. കെയർഹോം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹകരണ സംഘങ്ങളുടെയും സഹകാരികളുടെയും പൊതുസമൂഹത്തിന്റെയും നിർലോഭമായ പിന്തുണയാണ്‌ ലഭിച്ചതെന്ന്‌ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പദ്ധതിപ്രകാരം 2000 വീട്‌ നിർമിക്കാനാണ്‌ ആദ്യ ഘട്ടത്തിൽ തീരുമാനിച്ചതെങ്കിലും 2152 വീട്‌ ആദ്യഘട്ടത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിൽ 1688 വീട്‌ ഇതിനകം കൈമാറിക്കഴിഞ്ഞു. 62 വീട്‌ കൈമാറ്റത്തിന്‌ സജ്ജമാണ്‌. 211 വീട്‌ നിർമാണ ഘട്ടത്തിലാണ്‌. സമയബന്ധിതമായി ഈ പദ്ധതി പൂർത്തിയാക്കുകവഴി നവകേരള നിർമിതിക്കായുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിലെത്താൻ സഹകരണ മേഖലയ്‌ക്ക്‌ കഴിഞ്ഞു എന്നത്‌ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

 
പ്രധാന വാർത്തകൾ
 Top