18 September Wednesday
17.8 കോടിയുടെ പദ്ധതി

പൂന്തുറയിൽ കടൽത്തടയണ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

തിരുവനന്തപുരം

തീരസംരക്ഷണത്തിനായി പൂന്തുറയിൽ 17.80 കോടി രൂപ ചെലവിൽ 700 മീറ്റർ നീളത്തിൽ കടൽത്തടയണ പദ്ധതി (ബ്രേക്ക്‌ വാട്ടർ) നടപ്പാക്കുമെന്ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. തീരത്തുനിന്ന്‌ 120 മീറ്റർ അകലെവച്ച്‌ തിരമാലകളുടെ ശക്തികുറച്ച്‌ കടൽക്ഷോഭത്തെ ചെറുക്കുന്നതാണ്‌ പദ്ധതി. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പൂന്തുറ മുതൽ ശംഖുംമുഖം വരെയുള്ള പ്രദേശങ്ങളിലെ തീരസംരക്ഷണം ഇതുവഴി സാധ്യമാകും. കരയിൽനിന്ന് 120 മീറ്റർ അകലത്തിൽ തീരത്തിന് സമാന്തരമായാണ് ബ്രേക്ക് വാട്ടർ സ്ഥാപിക്കുന്നത്. ഇതിൽ തട്ടി തിരമാലകൾക്ക്‌ ശക്തി കുറയുന്നതിനാൽ ബീച്ച് രൂപപ്പെടും. ഇവിടെ അനായാസം വള്ളങ്ങൾക്ക് കരയ്ക്കടുക്കാനാകും.100 മീറ്റർ വീതം നീളമുള്ള അഞ്ച് ബ്രേക്ക് വാട്ടറുകളാണ് ആദ്യം സ്ഥാപിക്കുക. ഇവയ്‌ക്കിടയിൽ 50 മീറ്റർ അകലം ഉണ്ടായിരിക്കും. വള്ളങ്ങൾക്ക് ഇതിലൂടെ പ്രവേശിക്കാനാകും.  കല്ലിന്റെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജിയോ ട്യൂബ് ഉപയോഗിച്ച് ബ്രേക്ക് വാട്ടർ പരീക്ഷിക്കുന്നത്. അഞ്ച് മീറ്റർ വ്യാസവും 20 മീറ്റർ നീളവുമുള്ള പോളി പ്രൊപ്പലിൻ ട്യൂബുകളിൽ മണൽ നിറച്ചാണ്‌ ബ്രേക്ക് വാട്ടർ സ്ഥാപിക്കുന്നത്.  തമിഴ്‌നാട്ടിലെ കടലൂർ പേരിയകുളത്ത്  ജിയോ ട്യൂബ് ഉപയോഗിച്ച് ബ്രേക്ക് വാട്ടർ നിർമിച്ച് മുൻപരിചയമുള്ള നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ്  തീരദേശ വികസന കോർപറേഷന് സാങ്കേതിക സഹായം നൽകുന്നത്. ഇതുസംബന്ധിച്ച കരാറിൽ എൻഐഒടിയും തീരദേശ കോർപറേഷനും ഒപ്പുവച്ചിരുന്നു. പൂന്തുറയിൽ ആരംഭിച്ച് വലിയതുറ, ബീമാപള്ളി, ശംഖുംമുഖം മേഖലകളിലെ  തീരസംരക്ഷണത്തിന് ഉതകുന്ന രീതിയിലാണ് പദ്ധതിക്ക്‌ രൂപം നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പ്രധാന വാർത്തകൾ
 Top