22 September Sunday

വെള്ളായണി കായൽ വീണ്ടെടുക്കൽ യജ്ഞം 28 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
തിരുവനന്തപുരം
വെള്ളായണി കായൽ വീണ്ടെടുക്കൽ യജ്ഞത്തിന‌് 28ന‌് തുടക്കമാകും. തലസ്ഥാന ജില്ലയ‌്ക്ക‌് പ്രകൃതി കനിഞ്ഞുനൽകിയ വെള്ളായണി കായലിനെ നാശത്തിൽനിന്ന‌് കൈപിടിച്ചുയർത്താനുള്ള ജനകീയ യജ്ഞത്തിനാണ‌് തുടക്കമാകുന്നത‌്.
വവ്വാമൂലയിൽ രാവിലെ ഒമ്പതിന‌് ആരംഭിക്കുന്ന മാലിന്യനിവാരണ പ്രവർത്തനങ്ങൾ 75 ദിവസം തുടരും. ഇതിന്റെ ഭാഗമായി  ആഫ്രിക്കൻ പായൽ, കുളവാഴ അടക്കമുള്ള മാലിന്യങ്ങളെല്ലാം നീക്കം ചെയ്യും. 
ജല ശുദ്ധീകരണത്തിനും നടപടി സ്വീകരിക്കും. ഇതിന്റെ തുടർച്ചയായി കായലിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്ന ദീർഘകാല കർമപദ്ധതികൾക്കും തുടക്കമാകും. സംസ്ഥാന വിനോദസഞ്ചാര, ജലസേചന വകുപ്പുകൾ സ്വസ‌്തി ഫൗണ്ടേഷനുമായി സഹകരിച്ചാണ‌് ജനകീയ യജ്ഞത്തിന‌് നേതൃത്വം നൽകുന്നത‌്.
250 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മാലിന്യം ഒഴിവാക്കി, കായലിന്റെ ജീവൻ വീണ്ടെടുക്കുന്ന സമഗ്ര യജ്ഞമാണ‌് ഏറ്റെടുക്കുന്നതെന്ന‌് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 
1000ലേറെ ഏക്കറിലായി വ്യാപിച്ചിരുന്ന കായലിന്റെ വിസ‌്തൃതി നാനൂറ‌് ഏക്കറിൽ താഴെയായി. കായലിലെ കൈയേറ്റം തടയാൻ  ശക്തമായ നിലപാടുകളാണ‌് സർക്കാർ സ്വീകരിച്ചത‌്. ഇതിന്റെ തുടർച്ചയായാണ‌് കായൽ ശുദ്ധീകരണപ്രവർത്തനങ്ങളും ഏറ്റെടുക്കുന്നത‌്.
കേരളത്തിലെ രണ്ടാമത്തെ ശുദ്ധജലതടാകം എന്ന പെരുമ നിലനിർത്താനുള്ള പദ്ധതിയാണ‌് നടപ്പാക്കുന്നത‌്. കായലിലെ ജൈവവൈവിധ്യ വിവരശേഖരണം സ്വസ‌്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടരുകയാണ‌്. 
ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ‌് പാർവതി പുത്തനാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത‌്. ഈ യന്ത്രസാമഗ്രികളുടെയും സാങ്കേതികവിദ്യയുടെയും സഹായം കായൽ ശുചീകരണത്തിനും സംരക്ഷണത്തിനും ഉപയോഗിക്കും. 
ചെറുതും വലുതുമായ ജലാശയ സംരക്ഷണ പ്രവർത്തനങ്ങൾക്ക‌് നൽകിവരുന്ന എല്ലാ സഹായവും വെള്ളായണി കായൽസംരക്ഷണ പ്രവർത്തനങ്ങൾക്ക‌് ഉറപ്പാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശുചീകരണത്തിനും അതിന്റെ തുടർച്ചയായുള്ള സംരക്ഷണത്തിനും വൻജനകീയ പങ്കാളിത്തം ഒരുക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെയും സഹകരിപ്പിക്കും.
സാമൂഹ്യ–-സാംസ‌്കാരിക സംഘടനകൾ, റെസിഡന്റ‌്സ‌് അസോസിയേഷനുകൾ, നാൽപ്പതിൽപരം വരുന്ന കായൽ സംരക്ഷണസമിതികൾ തുടങ്ങിയവയുടെ സഹകരണവും പദ്ധതിക്ക‌് ഉറപ്പാക്കുമെന്ന‌് കിലെ ചെയർമാൻ വി ശിവൻകുട്ടി പറഞ്ഞു. 
ജേക്കബ‌് പുന്നൂസ‌്, പി എച്ച‌് കുര്യൻ, ടി കെ എ നായർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top