15 September Sunday
യുവാവ് കൊല്ലപ്പെട്ടിട്ട് ഒരുമാസം

പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019
പാറശാല - 
കാണാതായ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു മാസമായിട്ടും പ്രതികളെ പിടികൂടാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ആറയൂർ പുത്തൻകുളത്തിന് സമീപം ആർകെവി ഭവനിൽ മുരുകന്റെ മകൻ ഡ്രൈവറായ ബിനുവിന്റെ (41) മൃതദേഹമാണ് ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കഴിഞ്ഞ മാസം 23ന് ഇയാളുടെ സുഹൃത്തിന്റെ പുരയിടത്തിൽ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്തായ ആറയൂർ അലത്തറ വിളാകത്തിന് സമീപം കടമ്പാട്ടുവിളയിൽ ഷാജിയുടെ വീട്ടിനുള്ളിൽ വെച്ച് കൊലചെയ്യപ്പെട്ട ബിനുവിന്റെ മൃതശരീരം ഇതിന് 100 മീറ്ററകലെയുള്ള ഷാജിയുടെ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ഒളിവിൽ പോയ പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ പൊലീസ് നെട്ടോട്ടമോടുകയാണ്. 
  കഴിഞ്ഞ മാസം ഇരുപതാം തീയതി ബിനുവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പാറശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഷാജിയുടെ വീട്ടിൽ ബിനുവും സുഹൃത്തുക്കളും പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇതിനിടെ വീട്ടിലെ സ്ലാബ് മാറ്റുവാൻ സഹായിക്കണമെന്ന് പറഞ്ഞ് കൊറ്റാമത്തിന് സമീപം അലത്തറവിളാകം കരിക്കിൻ തോട്ടത്തെ ഓട്ടോ ഡ്രൈവറായ വിനായകനെ ഈസ്റ്റർ ദിനത്തിൽ ഷാജിയുടെ കൂട്ടത്തിലുണ്ടായിരുന്നവരും വിനായകന്റെ സുഹൃത്തുമായ ഒരാൾ ഫോൺ വിളിച്ച് വരുത്തുകയും വീട്ടിനുള്ളിലെത്തിയ വിനായകൻ ആരോ രക്തത്തിൽ കുളിച്ച് കമിഴ‌്‌ന്ന‌് കിടക്കുന്നത് കണ്ട് പേടിച്ച് ബഹളം വയ‌്ക്കുകയും തുടർന്ന് ഷാജിയും സുഹൃത്തും ചേർന്ന് മർദിക്കുകയുമായിരുന്നു. അവിടെ നിന്ന് പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ട വിനായകൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി വീടും പരിസരവും പരിശോധിച്ച് മൃതദേഹം കണ്ടെത്തിയത്.
 വിനായകന്റെ അളിയനുമായി ഷാജിക്ക് മുൻവൈരാഗ്യമുള്ളതായും അതിനാലാണ് വിനായകനെ സുഹൃത്ത് വഴി വീട്ടിൽ വിളിച്ചു വരുത്തിയതെന്നുമാണ് അറിയാൻ സാധിച്ചത്. ഷാജിയുടെ വീടായതിനാൽ വരാൻ ആദ്യം വിനായകൻ വിസമ്മതിച്ചെങ്കിലും സുഹൃത്തിന്റെ വാക്ക് വിശ്വസിച്ചാണ് ഇയാൾ എത്തിയത്. വിനായകനെ ഭീഷണിപ്പെടുത്തി ഇയാളുടെ അളിയനെ വീട്ടിലെത്തിക്കുവാനുള്ള ശ്രമമാണ് ഷാജിയും സംഘവും നടത്തിയതെന്നാണ് നിഗമനം.  ഇതിലൂടെ ഒന്നിലേറെ കൊലപാതകം നടത്തുവാനുള്ള ആസൂത്രിത ശ്രമമാണ് ഷാജിയും സംഘവും നടത്തിയത്. കൊലപാതകം നടന്നെന്ന് സംശയിക്കുന്ന ഈസ്റ്റർ ദിനത്തിലും തലേ ദിവസവും വീട്ടിൽ ബഹളം കേട്ടിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് ഷാജിയും സുഹൃത്തായ ആറയൂർ ക്ഷേത്രത്തിന് സമീപത്തെ പല്ലൻ അനി എന്ന് വിളിക്കുന്ന അനിൽകുമാറുമാണെന്ന് പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതികളായ രണ്ട് പേരും സംഭവശേഷം ഒളിവിലാണ്.
   വർഷങ്ങൾക്ക് മുമ്പ് കാണാതായ ഷാജിയുടെ അച്ഛൻ കൃഷ്ണന്റെ തിരോധാനവുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് തെറ്റി പിരിഞ്ഞ ഷാജിയും അച്ഛനും തമ്മിൽ അടിപിടി നടന്നിട്ടുള്ളതായും തുടർന്ന് കൊറ്റാമം കാട്ടുകുളത്തിന് സമീപം കൃഷ്ണൻ വർഷങ്ങളായി ഒറ്റയ‌്ക്കാണ് താമസിച്ചിരുന്നതും. എന്നാൽ ഇതിനിടെ കൃഷ്ണനെ കാണാതായിരുന്നു. 
മാസങ്ങൾക്ക് മുമ്പേ ഷാജിയെ ഒരു സംഘം ക്രൂരമായി മർദിച്ച് ഇടിച്ചക്ക പ്ളാമൂടിന് സമീപം മൃതപ്രായനായി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നിൽ ബിനുവും സംഘവുമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ബിനുവിനെ കൊലപ്പെടുത്തുവാൻ ഷാജി കൊലപാതകം ആസൂത്രണം ചെയ്തതും. 
   നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രധാന പ്രതികളെ കണ്ടെത്തുവാൻ പൊലീസിന് കഴിയാത്തതിൽ നാട്ടുകാരുടെയിടയിൽ വ്യാപക പ്രതിഷേധമുണ്ട‌്. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. ഇവർ പോകാനിടയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ ഷാജിയുടെ വീട്ടിൽ മദ്യപിക്കുവാനെത്തിയ സുഹൃത്തായ ആറയൂർ സ്വദേശി ജിബേന്ദ്രകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ച് മാസങ്ങൾക്ക് വേണ്ടി സ്ഥലം മാറി വന്ന ഉദ്യോഗസ്ഥരായതിനാൽ കേസന്വേഷണത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top