28 May Thursday
ജനത കർഫ്യൂവിൽ ജില്ല നിശ്ചലം

വീട്‌ ശുചീകരണം ഏറ്റെടുത്ത്‌ ജനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
 
തിരുവനന്തപുരം
കോവിഡ്‌–- 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ജനതാ കർഫ്യൂവിൽ തലസ്ഥാന ജില്ല നിശ്ചലമായി. ഞായറാഴ്‌ച രാവിലെ ഏഴിനു ആരംഭിച്ച കർഫ്യൂവിനോട്‌ ജനങ്ങൾ പൂർണമായും സഹകരിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം വീടുകളിൽ തങ്ങി. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു.
 നിരത്തുകളെല്ലാം ശൂന്യം. അവശ്യസർവീസിൽ ഉൾപ്പെട്ട ജീവനക്കാരും ആശുപത്രികളിലേക്കുള്ള വാഹനങ്ങളും മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. കെഎസ്‌ആർടിസി ബസുകളും സർവീസ്‌ നടത്തിയില്ല. ഓട്ടോറിക്ഷയും ടാക്‌സികളും പൂർണമായും യാത്രകൾ ഒഴിവാക്കി. സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലുണ്ടായത്‌ ആർപിഎഫും ആരോഗ്യപ്രവർത്തകരും മാത്രം. 
ശനിയാഴ്‌ച പുറപ്പെട്ട ട്രെയിനുകളിൽ വന്നിറങ്ങിയ യാത്രക്കാരെ ആരോഗ്യപ്രവർത്തകർ പരിശോധനയ്‌ക്കുശേഷം സ്‌റ്റേഷന്‌ പുറത്തേക്കുവിട്ടു. നഗരത്തിലെ തിരക്കേറിയ സ്‌റ്റാച്യു, തമ്പാനൂർ, കിഴക്കേകോട്ട അടക്കമുള്ള സ്ഥലങ്ങൾ വിജനമായി. 
പൊലീസിനെയും മാധ്യമപ്രവർത്തകരെയും മാത്രമാണ്‌ നഗരത്തിൽ കാണാനായത്‌. മെഡിക്കൽ കോളേജ്‌ അടക്കമുള്ള ആശുപത്രികളിൽ ദൂരസ്ഥലങ്ങളിൽനിന്ന്‌ എത്തേണ്ടിയിരുന്ന ജീവനക്കാരിൽ ഭൂരിഭാഗവും ശനിയാഴ്‌ച ആശുപത്രികളിൽ തങ്ങി. ജില്ലയുടെ മറ്റുഭാഗങ്ങളിലും ജനതാ കർഫ്യൂ പൂർണമായിരുന്നു.  
 
 
പ്രധാന വാർത്തകൾ
 Top