12 December Thursday

പമ്പിൽ പാർക്ക് ചെയ്തിരുന്ന ടെമ്പോവാൻ തീ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
കോവളം
വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ടെമ്പോ വാനിന്‌ തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച രാത്രി പതിനൊന്നോടെ വിഴിഞ്ഞം മുക്കോലയിലെ പെട്രോൾ പമ്പിലാണ്‌ സംഭവം. 
ഒരു സ്വകാര്യ സ്കൂളിലെ കുട്ടികളെ എത്തിച്ചശേഷം വെള്ളിയാഴ്ച വൈകിട്ട്‌ പമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. പമ്പ് അടച്ച് ജീവനക്കാർ പോയ ശേഷമാണ്  ടെമ്പോ വാനിന്റെ  മുൻഭാഗം കത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ അറിയിച്ചതോടെ വിഴിഞ്ഞം ഫയർസ്റ്റേഷൻ ഓഫീസർ രാമമൂർത്തി, ലീഡിങ്‌ ഫയർമാൻ ഷാജി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ജീവനക്കാർ തീയണച്ചു. 
പത്തോളം വാഹനങ്ങളും ഇതിന് തൊട്ടടുത്തായി പാർക്ക് ചെയ്തിരുന്നു. ഇവയിലേക്ക് തീ പടരാതിരുന്നത്‌ രക്ഷയായി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാനിന്റെ മുൻഭാഗം പൂർണമായി കത്തിയമർന്നു.
 
പ്രധാന വാർത്തകൾ
 Top