31 March Tuesday

വെള്ളനാട് സഹകരണ ബാങ്ക് നിയമനം തടഞ്ഞ്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
വിളപ്പിൽ  
വെള്ളനാട് സർവീസ് സഹകരണ ബാങ്കിൽ പുതിയ നിയമനങ്ങൾ നടത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. നിയമനങ്ങൾ  നടത്തരുതെന്ന സഹകരണ ആർബിട്രേഷൻ  ഉത്തരവ് മറച്ചുവച്ച്‌  ബാങ്ക് നടത്തിയ നീക്കമാണ് ഹൈക്കോടതി പൊളിച്ചത്. വിവിധ തസ്തികയിലേക്ക് നിയമനങ്ങൾ നടത്തുന്നതിനായി 23ന് സംഘടിപ്പിക്കുന്ന പരീക്ഷയ്ക്കും അഭിമുഖത്തിനും പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ബാങ്ക് റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. സുരക്ഷ നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞ 18ന് ഉത്തരവിറക്കി.എന്നാൽ, നിയമനങ്ങൾ സഹകരണ ആർബിട്രേഷൻ  തടഞ്ഞിരിക്കുകയാണെന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഈ കാര്യം മറച്ചുവച്ചാണ് ബാങ്ക് അനുകൂല വിധി സമ്പാദിച്ചത്.
 
സിപിഐ എം വെള്ളനാട് സൗത്ത് ലോക്കൽ സെക്രട്ടറി എസ് എൽ അനിൽകുമാർ വസ്തുതകൾ വിശദീകരിച്ച്‌ 20ന് റിവ്യു ഹർജി നൽകി. യാഥാർഥ്യം ബോധ്യപ്പെട്ടതോടെ  റിട്ട് ഹർജിയിന്മേൽ നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് ബാങ്ക് അധികൃതരെയും രൂക്ഷമായി വിമർശിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ട്  ഒരു പ്രവർത്തനവും ബാങ്ക് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആർബിട്രേഷനോട് നിർദേശിച്ചു.
 
വെള്ളനാട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വെള്ളനാട് ശശിയുടെ നേതൃത്വത്തിൽ വ്യാപക ക്രമക്കേടാണ് നടന്നത്. ഇത്‌ മനസ്സിലാക്കിയാണ്‌ പുതിയ അംഗങ്ങളെ ചേർക്കലും നിയമനവും നേരത്തെതന്നെ ആർബിട്രേഷൻ തടഞ്ഞത്.
പ്രധാന വാർത്തകൾ
 Top