29 February Saturday

മത്സ്യസമൃദ്ധിക്കായി തീരക്കടലില്‍ കൃത്രിമപ്പാരുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
വഞ്ചിയൂർ
തീരക്കടലിൽ മത്സ്യസമൃദ്ധിക്കായി  ആവാസവ്യവസ്ഥ രൂപപ്പെടുത്താനായി കൃത്രിമപ്പാരുകള്‍ ചൊവ്വാഴ്ചമുതൽ നിക്ഷേപിച്ചുതുടങ്ങി. മത്സ്യസമ്പത്ത് സുസ്ഥിരമായി പരിപാലിക്കാനായി കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കോടിരൂപ  ഇതിനായി അനുവദിച്ചിട്ടുണ്ട്. പുതുക്കുറിച്ചിയിൽ 140 എണ്ണവും  കൊച്ചുതുറയിൽ 140 എണ്ണവും നിക്ഷേപിക്കും. 
 
തിങ്കളാഴ്‌ച പുതുക്കുറിച്ചി പള്ളിയ്ക്കുസമീപം നടന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനംചെയ്തു.
 
കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് പി ഫെലിക്സ്,  പുതുക്കുറിച്ചി പള്ളി വികാരി സാജു റോൾഡൻ, വാർഡ് മെമ്പർമാരായ ഹെലൻ ഫെർണാണ്ടസ്, ഷെമി, അബ്ദുള്ള, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീന സുകുമാർ, തീരദേശ വികസന കോര്‍പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ ആർ ഷിബു, പ്രോജക്ട് മാനേജർ സുരേഷ് ബാബു, അസി. എൻജിനിയർ  എസ് എസ് വിഷ്ണു, ഓവർസീയർ അനൂപ് എന്നിവർ പങ്കെടുത്തു. കടലിന്റെ അടിത്തട്ടില്‍ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് മത്സ്യലഭ്യത വര്‍ധിപ്പിക്കാനായി നിലവിലുള്ള പ്രകൃതിദത്ത പാരുകള്‍ക്കുസമീപം ത്രികോണാകൃതിയിലുള്ള സിമെന്റ് കോണ്‍ക്രീറ്റ് മൊഡ്യൂളുകള്‍ ജിപിഎസ്, എക്കോ സൗണ്ടർ എന്നിവയുടെ സഹായത്തോടെ സ്ഥാനനിര്‍ണയം നടത്തി നിക്ഷേപിക്കുന്ന പദ്ധതിയാണിത്. 
 
ഒന്നര ടണ്ണോളം മൊഡ്യൂളുകള്‍ക്ക് 150 സെ.മീ ഉയരവും രണ്ടുമീറ്റര്‍ നീളവുമുണ്ട്. മൊഡ്യൂളുകള്‍ക്ക് നാശം സംഭവിക്കാതിരിക്കാനും മത്സ്യ ആവാസവ്യവസ്ഥ വളരെ ഫലവത്തായി സൃഷ്ടിക്കാനും 12 മുതല്‍ 15 വരെ മാറ് ആഴത്തില്‍ കടലിന്റെ അടിത്തട്ടിന് സമാന്തരമായാണ് ഇവ നിക്ഷേപിക്കുന്നത്.
പ്രധാന വാർത്തകൾ
 Top