22 September Sunday
രാഖി കെട്ടാൻ വിസമ്മതിച്ചു

ആർഎസ്എസുകാർ സ്കൂളിൽ കയറി വിദ്യാർഥികളെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
വിളപ്പിൽ 
രാഖി കെട്ടാൻ വിസമ്മതിച്ച പേയാട് സെന്റ് സേവ്യേഴ്സ് സ്കൂളിലെ വിദ്യാർഥികൾക്കുനേരെ ആർഎസ്‌എസ്‌ ആക്രമണം. ചൊവ്വാഴ്‌ച രാവിലെ പത്തിനാണ്‌ സംഭവം. 
സ്കൂളിൽ അതിക്രമിച്ച്‌ കയറിയ മുപ്പതോളം വരുന്ന ആർഎസ്‌എസ്‌ സംഘം വിദ്യാർഥികളെ നിർബന്ധിച്ച്‌ രാഖി കെട്ടിക്കാൻ ശ്രമിച്ചു.ഇതിനെ എതിർത്ത പത്തളം വിദ്യാർഥികളെ ആക്രമിച്ചു. പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ബിലാൽ, അഭിജിത്ത് എന്നിവർക്ക് സാരമായി പരിക്കേറ്റു.  ആർഎസ്എസിന്റെ സജീവ പ്രവർത്തകരായ സുധീഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. 
 
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും സ്കൂൾ അധികൃതർ  ഒരു നടപടിയും സ്വീകരിച്ചില്ല എന്ന ആക്ഷേപമുണ്ട്. എസ്എഫ്ഐ വിളപ്പിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തയ്യാറായത്. സ്കൂൾ മാനേജ്മെന്റിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന മുപ്പത്‌ പേർക്കെതിരെ വിളപ്പിൽശാല പൊലീസ് കേസെടുത്തു. എസ്എഫ്ഐക്ക്  സ്വാധീനമുള്ള സ്കൂളിൽ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് കടന്നുകയറുകയാണ്  ആർഎസ്എസ് ലക്ഷ്യം. 
 
എസ്എഫ്ഐ സ്കൂളിനുമുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നൂറോളം സ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. 
 
ഏരിയ വൈസ് പ്രസിഡന്റ് ആദിത്യൻ, യൂണിറ്റ് സെക്രട്ടറി നവനീത്, സിപിഐ എം പേയാട് ലോക്കൽ കമ്മിറ്റി അംഗം അനുപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 
ആർഎസ്എസ് ക്രിമിനലുകൾക്കെതിരെ പൊലീസ്  നടപടി സ്വീകരിക്കണമെന്ന്‌  എസ്എഫ്ഐ ഏരിയ സെക്രട്ടറി ഹരികൃഷ്ണൻ, പ്രസിഡന്റ്‌ ജോബിൻ കോശി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top