28 September Tuesday

മോഷ്ടാവ്‌ തീവെട്ടി ബാബുവും 
കൂട്ടാളിയും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021
തിരുവനന്തപുരം
മോഷ്ടാവ് തീവെട്ടി ബാബുവിനെയും കൂട്ടാളിയേയും ഷാഡോ ടീം അറസ്റ്റ്‌ ചെയ്തു. 
 
കൊല്ലം പൂതക്കുളം കുളത്തൂർകോണം നന്ദു ഭവനിൽ ബാബു (തീവെട്ടി ബാബു,62), കൂട്ടാളി കളിയിക്കാവിള കോഴിവിളയിൽ അബ്ദുൾ റൗഫ് (24) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തുടനീളം 200ലേറെ മോഷണങ്ങൾ നടത്തിയിട്ടുണ്ടാകുമെന്നാണ്‌ അനുമാനം. 
 
പൂജപ്പുര അൻവർ ഗാർഡൻസിന് സമീപം ശ്രീയിൽ റിട്ട. ഐആർഎസ് ഉദ്യോഗസ്ഥൻ ശ്രീകുമാറിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ഒമ്പത്‌ മുതൽ മൂന്ന്‌ ദിവസം വീട്ടിൽ ആളില്ലെന്ന്‌ മനസ്സിലാക്കിയ ഇവർ വാതിൽ പൊളിച്ച് അകത്തു കയറി സ്വർണവും ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളും ഉൾപ്പെടെ നാലു ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. 
 
തുടർന്ന്, സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശാനുസരണം പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഇയാൾ  മുമ്പ്  ഒറ്റയ്ക്കാണ് മോഷണം നടത്തിയിരുന്നത്. പൊലീസ്‌ പിന്തുടർന്നാൽ  അപകടം സൃഷ്ടിച്ച്‌ രക്ഷപ്പെടുകയാണ് പതിവ്. 
 
മാർച്ചിൽ കോർപറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ മണക്കാടുള്ള സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽനിന്ന്  ആക്ടീവ സ്കൂട്ടർ മോഷ്ടിച്ചതും ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റഫീക്കിന്റെ വീട്ടിൽനിന്ന്‌ രണ്ടു ലക്ഷം രൂപ മോഷ്ടിച്ചതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കമീഷണർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top