22 August Thursday
നിർമാണം കെഎഎൽ

ഓണത്തിന‌് ഓടും ‘ഇ‐ ഓട്ടോ’

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
തിരുവനന്തപുരം 
സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോ മൊബൈൽസിന‌്(കെഎഎൽ) ഇലക്ട്രിക‌് ഓട്ടോ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ അനുമതി. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇ ഓട്ടോ നിർമാണത്തിന് യോഗ്യത നേടുന്നത്. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള പുണെയിലെ ദ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷനിലാണ‌് അംഗീകാരത്തിന‌് മുന്നോടിയായുള്ള  പരിശോധന നടന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെഎഎല്ലിന്റെ പ്ലാന്റിൽ നിർമാണം ഉടൻ ആരംഭിക്കും. ഓണത്തിന് ഓട്ടോ വിപണിയിൽ ഇറക്കുകയാണ് ലക്ഷ്യം. ഒരു വർഷത്തിനകം 15,000 ഓട്ടോ നിരത്തിലിറക്കാനാണ‌് പദ്ധതി.
 
ഇലക്ട്രിക‌് ഓട്ടോക്ക‌് ഒരു കിലോമീറ്റർ ഓടാൻ അമ്പത‌് പൈസയാണ‌് ചെലവ‌്. ഒരുതവണ ചാർജ‌് ചെയ‌്താൽ 100 കിലോമീറ്റർ യാത്ര ചെയ്യാം.
 
സർക്കാരിന്റെ ഇ വെഹിക്കിൾ നയത്തിന്റെ  ഭാഗമായാണ‌് ഇ ഓട്ടോ വരുന്നത‌്.  പത്തിലേറെ ഘട്ടം നീണ്ട പരിശോധനയിൽ നിർമാണത്തിന് ഉപയോഗിച്ച ഓരോ ഘടകങ്ങളും വിശദപരിശോധന നടത്തി. ഇലക്ട്രിക്കൽ മോട്ടോർ, കൺട്രോളർ, ബാറ്ററി തുടങ്ങിയവയെല്ലാം പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. മലിനീകരണം, റേഡിയേഷൻ എന്നീ പരിശോധനകളിലും വിജയിച്ചു. 
 
ആറുമാസം മുമ്പുതന്നെ ഇ ഓട്ടോയുടെ പ്രോട്ടോ ടൈപ്പ് കെഎഎൽ നിർമിച്ചിരുന്നു. കെഎഎല്ലിലെ വിദഗ്ധരും തൊഴിലാളികളുമാണ‌് രൂപ കൽപ്പനയ‌്ക്ക‌് പിന്നിൽ പ്രവർത്തിച്ചത്. അന്തരീക്ഷമലിനീകരണത്തിന്റെ പേരിൽ നിയന്ത്രണം ശക്തമാകുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സാധ്യതയുണ്ട‌്.  പ്രതിസന്ധിയിലായിരുന്ന കെഎഎൽ ഇ ഓട്ടോ നിർമാണത്തോടെ ശക്തമായി തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഭാവിയിൽ ഇ ഓട്ടോറിക്ഷകൾക്ക‌് മാത്രമേ പെർമിറ്റ് നൽകൂ. 
 
ഇവിടേക്കുള്ളതിൽ ഭൂരിപക്ഷവും കെഎഎല്ലിനു  നൽകാനാകുമെന്നാണ് പ്രതീക്ഷ. വർഷം ഏഴായിരം വാഹനങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയാൽ മറ്റ‌്  ജില്ലകളിൽ വിൽപ്പനശാലകളും സർവീസ് സെന്ററുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎഎൽ എംഡി എ ഷാജഹാൻ പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top