തിരുവനന്തപുരം
നഗരസഭ ആരോഗ്യ വിഭാഗം പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ നഗരത്തിലെ തട്ടുകടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെടുത്തു. കടകളിൽ നിന്ന് മാലിന്യം ശേഖരിച്ച് പുഴയിൽ തള്ളുന്നയാളെ പിടികൂടി. പുഞ്ചക്കരി സ്വദേശി കുഞ്ഞുമോനെയാണ് വാഹനത്തിൽ മാലിന്യം കൊണ്ടുപോകുന്നതിനിടെ പിടികൂടിയത്.
വെള്ളയമ്പലം, ആൽത്തറ, വഴുതയ്ക്കാട്, കോട്ടൺഹിൽ, സ്റ്റാച്യു എന്നിവിടങ്ങളിലെ തട്ടുകടകളിലാണ് പരിശോധന നടത്തിയത്. രാത്രി എട്ട് മുതൽ 9.30വരെ നീണ്ട പരിശോധനയ്ക്ക് നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നേതൃത്വം നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച തട്ടുകടകൾക്ക് മുന്നറിയിപ്പ് നൽകി. സ്റ്റാച്യു ഭാഗത്തെ തട്ടുകടയിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ചിക്കൻ ചില്ലിയും പഴയ കറുത്ത എണ്ണയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇവരിൽ നിന്ന് പിഴ ഈടാക്കും.
മിക്ക തട്ടുകടകളിലും ചൂട് ഭക്ഷണം പ്ലാസ്റ്റിക് പേപ്പറുകളിലാണ് വിതരണം ചെയ്തിരുന്നത്. ഭക്ഷണം സ്റ്റീൽ പാത്രങ്ങളിലോ വാഴയിലയിലോ മാത്രം വിളമ്പണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവു എന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു.