21 February Thursday

പ്രകാശം പരത്തുന്ന അധ്യാപിക

വി എസ‌് സബികുമാർUpdated: Monday Jan 21, 2019

ശ്രീജയും കുടുംബവും

വെള്ളറട 

ഇരുട്ടിൽ നാടിനുവിളക്കായ അധ്യാപിക മാതൃകയാകുന്നു. ഭിന്നശേഷി വിഭാഗത്തിൽ മികച്ച അധ്യാപികയ‌്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിയ  പ്ലാവൂർ ഗവ. എച്ച‌്എസിലെ ഹിന്ദി അധ്യാപിക എസ് കെ ഗീതയാണ് മാതൃകയാകുന്നത‌്. എട്ടാം വയസ്സിൽ സൈനികനായ പിതാവിനൊപ്പം രാജസ്ഥാനിലെ മിലിറ്ററി ക്യാമ്പിൽ വച്ചാണ് ശ്രീജ ടീച്ചറെ ഇരുൾ തേടിയെത്തിയത്. ചികിത്സകൾ നിരവധി ചെയ്തെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.  പഠനത്തിലും ഓർമശക്തിയിലും മികവ് കാട്ടിയ ശ്രീജ ഹിന്ദിയിൽ ബിരുദാനന്തരബിരുദത്തിൽ സർവകലാശാലാതലത്തിൽ ഒന്നാം റാങ്ക‌്  നേടി. മികച്ച ആരോഗ്യവകുപ്പ‌് ജീവനക്കാരനായ ഭർത്താവ് ആമച്ചൽ പ്രൈമറി ഹെൽത്ത‌് സെന്ററിലെ  അശോക‌ിനും കാഴ‌്ചയില്ല. വിദ്യാർഥികളുടെ പ്രിയങ്കരിയായ ശ്രീജ ടീച്ചർ അധ്യാപിക മാത്രമല്ല, പാഠ്യേതരപ്രവർത്തനങ്ങൾക്കും വഴികാട്ടിയാണ്.  യുവജനോത്സവ വേദികളിലും മികച്ച സംഘാടകയായി ടീച്ചറുണ്ടാകും.  ടീച്ചറുടെ സ്വന്തം കവിതകളും ഗാനങ്ങളുമാണ് പലപ്പോഴും കുട്ടികൾ അവതരിപ്പിക്കുന്നതും സമ്മാനങ്ങൾ നേടുന്നതും.     ബാല്യം മുതൽക്കേ എഴുതിയ കവിതകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ ശ്രീജ ടീച്ചർ. പ്രത്യേക സോഫ്റ്റ്‌വെയർ സഹായമുള്ള കംപ്യൂട്ടറും ടോക്കിംഗ് ആപ്പുകളുടെ സഹായത്തോടെ മൊബൈൽ ഫോണുകളും അതിവൈദഗ്ധ്യത്തോടെയാണ് ദമ്പതികൾ കൈകാര്യംചെയ്യുന്നത്. നാലുവയസ്സുള്ള അർജുൻ അശോകും  ഒരു വയസ്സുള്ള അർഷൻ അശോകും ഇവരുടെ മക്കളാണ്. ശാരീരികാവശതക‌‌ളിൽ മനസ്സുതളർന്ന് ഒതുങ്ങിപ്പോകുകയും ഒറ്റപ്പെടുകയും ചെയ്യുന്നവരോട് ഇവർ  ചരിത്രം തിരുത്തിയെഴുതിയ സ‌്റ്റീഫൻ ഹോക്കിങ്ങിനെയാണ് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. പൊതുവിദ്യാഭ്യാസയജ്ഞം വിദ്യാഭ്യാസരംഗത്ത് ഉണർത്തിയ വിപ്ലവകരമായ മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിനെക്കുറിച്ച് ആവേശത്തോടെയാണ‌് ഇവർ സംസാരിക്കുന്നത‌്. അന്ധത മറന്ന ടീച്ചർ ഉർജസ്വലതയോടെ അധ്യാപനം ആവേശത്തോടെ ആസ്വദിക്കുകയാണ്.  

പ്രധാന വാർത്തകൾ
 Top