25 May Monday
കൈക്കൂലി

സോണൽ ഓഫീസ്‌ ചാർജ്‌ ഓഫീസർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കോവളം 
കോവളത്തെ ഹോട്ടലിന്റെ ലൈസൻസും കെട്ടിടനികുതിയും പുതുക്കി നൽകുന്നതിന്‌ 10,000 -രൂപ കൈക്കൂലി വാങ്ങുന്നതിനിടെ  തിരുവനന്തപുരം നഗരസഭ വിഴിഞ്ഞം സോണൽ ഓഫീസിലെ ചാർജ്‌ ഓഫീസറെ വിജിലൻസ് അറസ്റ്റുചെയ്തു. പരാതിക്കാരനായ കോവളം സീഷോർ റസ്റ്റോറന്റ്‌ ഉടമ അനിൽകുമാർ കടയുടെ ലൈസൻസും കെട്ടിടനികുതിയും പുതുക്കുന്നതിന് കഴിഞ്ഞമാസം  വിഴിഞ്ഞം സോണൽ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. നിരവധി തവണ കയറി ഇറങ്ങിയിട്ടും ലൈസൻസ് പുതുക്കാത്തതിനാൽ കഴിഞ്ഞ പത്തിന്‌ അനിൽകുമാർ സോണൽ ഓഫീസിൽ എത്തി ചാർജ് ഓഫീസർ മഹേഷിനെ കണ്ടു. പുതുക്കി നൽകുന്നതിന്‌ മഹേഷ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ 5000- രൂപ അന്നുതന്നെ നൽകി. ലൈസൻസും കെട്ടിട നികുതിയും പുതുക്കി നൽകാത്തതിനാൽ  കഴിഞ്ഞ വെള്ളിയാഴ്ച മഹേഷിനെ ഫോണിൽ വിളിച്ചപ്പോൾ 10000 രൂപ കൂടി നൽകിയാലേ ലൈസൻസ് പുതുക്കി നൽകൂവെന്ന്‌ പറഞ്ഞു. അനിൽകുമാർ ഈ വിവരം  വിജിലൻസ്  ദക്ഷിണ മേഖലാ പൊലീസ് സൂപ്രണ്ട്  ജയശങ്കറിനെ  അറിയിച്ചു.  വിജിലൻസ് സംഘം നിർദേശിച്ചതനുസരിച്ച്‌  വ്യാഴാഴ്‌ച പകൽ 2.30ന്‌ സോണൽ ഓഫീസിലെത്തി അനിൽകുമാർ കൈക്കൂലിയായി 10000 രൂപ കൈമാറി. വിജിലൻസ്‌ സംഘം ഇയാളെ പിടികൂടുകയും ചെയ്‌തു.
 
ഡിവൈഎസ്‌പി വി അനിൽ, ഇൻസ്പെക്ടർമാരായ കെ എസ് പ്രശാന്ത്, ആർ ബൈജുകുമാർ, സി ശ്രീകുമാർ, ആർ വിനോദ്കുമാർ  എന്നിവരടങ്ങുന്ന വിജിലൻസ് സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top