26 March Tuesday

കൂട്ടായ്മയുണ്ടെങ്കിൽ പ്രശ്നപരിഹാരവുമുണ്ട‌്: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019
തിരുവനന്തപുരം
കൂട്ടായ്മയുണ്ടെങ്കിൽ ഏതു പ്രശ്നവും ഭംഗിയായി പരിഹരിക്കാമെന്നതിന്റെ തെളിവാണ് ആർസിസിയിൽ പുതുതായി സ്ഥാപിച്ച ഫാർമസി കൗണ്ടറുകളും ഫുഡ് കോർട്ടുമെന്ന് ആരോഗ്യ  മന്ത്രി കെ കെ ശൈലജ. ഫാർമസി കൗണ്ടറുകളും ഫുഡ് കോർട്ടും  ഉദ്ഘാടനം ചെയ‌്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുറത്തുനിന്നുള്ള സഹായം പ്രതീക്ഷിച്ചാൽ വേണ്ടപ്പോൾ ലഭിക്കണമെന്നില്ല. ഫാർമസി കൗണ്ടറുകൾ വന്നതോടെ തിരക്കിന് പരിഹാരമായി. പുതിയ ഫുഡ്കോർട്ടും രോഗികൾക്ക് ഏറെ സഹായകമായി. 187 കോടിയുടെ വലിയൊരു പ്രവർത്തനം കൂടി ആർസിസിയിൽ നടക്കുകയാണ്. പരിമിതികളെ മറികടക്കാൻ ഇവ പൂർത്തിയാകുന്നതോടെ നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
 
ഒപി, ഐപി വിഭാഗത്തിലെ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ മരുന്നുവാങ്ങാൻ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചതോടെ സാധ്യമാകും. രോഗികളുടെ ക്ഷേമപദ്ധതികൾ, സൗജന്യ ഡ്രഗ് ബാങ്ക് എന്നിവയുടെ നടത്തിപ്പ് സുഗമമാക്കാനും ഇതുവഴി സാധിക്കും. നിലവിലുള്ളതിന്റെ ഇരട്ടി കൗണ്ടറുകളാണ് പുതുതായി സ്ഥാപിച്ചത്. 
 
രോഗികൾക്കും സന്ദർശകർക്കും ഭക്ഷ്യസുരക്ഷ - ഭക്ഷ്യസാക്ഷരത എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഭക്ഷണം വിളമ്പുക എന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ് ഫുഡ് കോർട്ട്. ഭക്ഷണം കേടുകൂടാതിരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളോ മറ്റു രാസപദാർത്ഥങ്ങളോ ചേർക്കാത്ത ശുദ്ധമായ ഭക്ഷണമാണ് ഇവിടെ ലഭിക്കുക. ആർസിസിയിൽ എത്തുന്നവർക്ക് കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം ലഭ്യമാക്കുകയാണ് ഫുഡ് കോർട്ടിന്റെ ലക്ഷ്യം. ആർസിസി ഡയറക്ടർ രേഖാ നായർ അധ്യക്ഷയായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു സംസാരിച്ചു. ആർസിസി അഡീ. ഡയറക്ടർ ഡോ.എം ഗീത സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് സജീദ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top