17 February Sunday
പഞ്ചായത്ത‌് പ്രസിഡന്റിനെതിരായ വ്യാജവാർത്ത

ജനം ടിവി‐ മനോരമ വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

പാറശാല 

സദാചാര മര്യാദകൾ ലംഘിച്ചെന്നും സിപിഐ എം നേതാവ് ഉൾപ്പെട്ട വീഡിയോ വിവാദമായെന്നുമുള്ള ജനം ടിവിയിലെയും മനോരമയിലെയും വാർത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ എം പാറശാല ഏരിയ സെക്രട്ടറി കടകുളം ശശി പ്രസ്താവനയിൽ അറിയിച്ചു. ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ചായക്കടയിൽ സ്ത്രീയോട് സംസാരിക്കുന്നതാണ് അപകീർത്തികരമായ രീതിയിൽ ചില മാഫിയകളുടെ ഒത്താശയോടെ കഴിഞ്ഞ ദിവസം ചാനലിലും പത്രത്തിലും പ്രചരിപ്പിച്ചത്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ പൊതുജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്നത് ജനകീയ പ്രവർത്തനത്തിന്റെ ഭാഗമാണ്.  ഇതിന്റെ പേരിൽ രാഷ്ട്രീയമുതലെടുപ്പ് നടത്തി ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തിയ നടപടി തികച്ചും അപഹാസ്യമാണ്. സൗഹൃദ സംഭാഷണം നടത്തിയതാണ് തെറ്റായി വ്യാഖ്യാനിച്ച് അപവാദപ്രചാരണം നടത്തിയത്. വട്ടവിളഭാഗത്ത് വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനം അടിക്കടി ഉണ്ടായിട്ടുണ്ട‌്. ഇതിന് പാർടിയുമായി ബന്ധമില്ല. ഇതിനെ സിപിഐ–- - സിപിഐ എം സംഘട്ടനമെന്ന പേരിൽ പ്രചരിപ്പിച്ചത് വാസ്തവ വിരുദ്ധമാണ്. വ്യാജപ്രചാരണത്തിലൂടെ പാർടിയെയും പൊതുപ്രവർത്തകരെയും അപമാനിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന ബിജെപിയ്ക്കും- യുഡിഎഫിനുമെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയഭാവി തകർക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായി ചില മാഫിയ സംഘങ്ങളുടെ ഇടപെടലുകളാണ് ഇതിന് പിന്നിലെന്ന‌ും വ്യാജപ്രചാരണം നടത്തിയ ജനം ടി വിക്കെതിരെ മാനനഷ്ട കേസ് നൽകിയെന്നും ചെങ്കൽ പഞ്ചായത്ത‌് പ്രസിഡന്റ് വട്ടവിള രാജ്കുമാർ അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top