23 January Thursday
ദുഷ്‌പ്രചാരകരെ കാണൂ

ഇതാ വിദ്യാർഥി പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

എസ്‌എഫ്‌ഐ സെക്രട്ടറിയറ്റിലേക്ക്‌ നടത്തിയ അവകാശപത്രിക മാർച്ച്‌

തിരുവനന്തപുരം

അവകാശപത്രിക അംഗീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് എസ‌്എഫ‌്ഐ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും നടന്ന മാർച്ചിൽ വിദ്യാർഥി പ്രവാഹം. യൂണിവേഴ‌്സിറ്റി കോളേജിലെ സംഘർഷത്തിന്റെ പേരിൽ ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ ശക്തികളും സംഘടിതമായ കടന്നാക്രമണങ്ങൾ നടത്തവെയാണ‌് നക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി പതിനായിരങ്ങൾ മാർച്ച‌ിനെത്തിയത‌്. 

 
നുണപ്രചാരണങ്ങൾകൊണ്ട‌് വിദ്യാർഥി സമൂഹത്തെ മാറ്റാനാകില്ലെന്ന പ്രഖ്യാപനം കൂടിയായി ഈ വിദ്യാർഥി മുന്നേറ്റം. സെക്രട്ടറിയറ്റ‌ിലേക്ക‌് നടന്ന മാർച്ചിൽ യൂണിവേഴ‌്സിറ്റി കോളേജിൽ നിന്ന‌് മാത്രം അണിനിരന്നത‌് ആയിരത്തോളം വിദ്യാർഥികൾ. തുടർച്ചയായ അവധിയായിട്ട‌് പോലും യൂണിവേഴ‌്സിറ്റി കേളേജിലെ വിദ്യാർഥികൾ ഏകമനസ്സായി മാർച്ചിന‌് എത്തുകയായിരുന്നു.
 
വിദ്യാഭ്യാസമേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ്‌ എസ്എഫ്ഐ സെക്രട്ടറിയറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും മാർച്ച്‌ നടത്തിയത്‌. കുതിരപ്പുറത്തിരുന്ന‌് തൂവെള്ളക്കൊടി വീശിയും വാദ്യമേളങ്ങളുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ സെക്രട്ടറിയറ്റിന‌് മുന്നിലേക്ക‌് പ്രകടനമായി  എത്തി.  മാർച്ചിന്റെ ഉദ‌്ഘാടനം ആരംഭിച്ചിട്ടും വെള്ളയും ചുവപ്പും വസ‌്ത്രങ്ങളണിഞ്ഞുള്ള   വിദ്യാർഥിപ്രവാഹം അവസാനിച്ചിരുന്നില്ല.  
 
മാധ്യമങ്ങൾ നുണക്കൊട്ടാരമുണ്ടാക്കുമ്പോൾ ശത്രുക്കൾ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ സ‌്മരണയിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചാണ‌് വിദ്യാർഥികൾ പ്രതിരോധം തീർത്തത‌്. അഭിമന്യു ഉൾപ്പെട്ട 33 രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകൾ വിദ്യാർഥികൾ കൈയിലേന്തി. ചെഗുവേരയുടെ ചിത്രം ആലേഖനംചെയ‌്ത കൊടികളും  വാനിലുയർത്തി. 
 
അടുത്തിടെയുണ്ടായ  സംഘർഷത്തെ തുടർന്ന‌് അടച്ചിട്ടിരിക്കുന്ന യൂണിവേഴ‌്സിറ്റി കോളേജിലെ  ആയിരത്തോളം വിദ്യാർഥികൾ അണിനിരന്നത‌് മാർച്ചിന‌് ആവേശം പകർന്നു. യൂണിവേഴ‌്സിറ്റി കോളേജിൽ എസ‌്എഫ‌്ഐ  അവസാനിച്ചെന്ന‌് എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളുടെ മുന്നിലൂടെ, കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കളുൾപ്പെടെയുള്ള വിദ്യാർഥികളെ   എസ‌്എഫ‌്ഐയുടെ കൊടിയുമേന്തി അണിനിരത്തിയാണ‌് പുതിയ യൂണിറ്റ‌് കമ്മിറ്റിയുടെ മറുപടി. പ്രൊഫഷണൽ , ടെക്നിക്കൽ, ആർട‌്സ‌്, സ‌്കൂളുകൾ തുടങ്ങി നാനാമേഖലകളിലെ വിദ്യാർഥികൾ അവരുടെ അവകാശത്തിനായി ഒത്തുചേർന്നതിനും സെക്രട്ടറിയറ്റ‌് നേർസാക്ഷിയായി. 50 വർഷംകൊണ്ട് ജീവൻ നൽകി പടുത്തുയർത്തിയ വിദ്യാർഥിപ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് തെളിയിക്കുന്നതായി എസ്എഫ്‌ഐയുടെ പതാകയ്ക്ക് കീഴിലെ  അണിചേരൽ.
 
മാർച്ച‌് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വിപി സാനു ഉദ്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് ജെ ജെ അഭിജിത‌് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ്, സംസ്ഥാന കമ്മിറ്റിയംഗം ശിജിത്ത‌് ശിവസ‌് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി റിയാസ‌് വഹാബ‌് സ്വാഗതവും വൈസ‌് പ്രസിഡന്റ‌് എ വി വർഷ നന്ദിയും പറഞ്ഞു. ജില്ലയിൽ 19 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ‌് മാർച്ച‌് സംഘടിപ്പിച്ചത‌്.   മറ്റ‌് സംഘടനകളും സെക്രട്ടറിയറ്റ‌് പരിസരത്ത‌് തമ്പടിച്ചിരുന്നതിനാൽ പൊലീസ‌്  കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top