03 August Tuesday
ഇന്ന്‌ വായന ദിനം

തുറന്നിട്ട ജയിലും അവിടെ 
കുറേ വായനക്കാരും

റഷീദ്‌ ആനപ്പുറംUpdated: Saturday Jun 19, 2021

പൂജപ്പുര സെൻട്രൽ ജയിലിൽ പുസ്തക വായനയിൽ ഏർപ്പെട്ടിരിക്കുന്ന അന്തേവാസി ഫോട്ടോ: ഷിബിൻ ചെറുകര

തിരുവനന്തപുരം  
കാരിരുമ്പിന്റെ വാതിൽപ്പാളികൾക്കടുത്ത്‌ തുറന്നുവച്ച പുസ്‌തകത്താളിലൂടെ അവർ സ്വാതന്ത്ര്യത്തിന്റെ ആകാശംതൊടും. അവർ കാണാത്ത ലോകത്തെയും അവർ ജീവിക്കാത്ത ജീവിതത്തെയും വായനയിലൂടെ ചേർത്തുവയ്‌ക്കും.
എല്ലാ തെറ്റുകൾക്കുമുള്ള കുമ്പസാരംപോലെ അക്ഷരങ്ങളിലൂടെ അവർ ശരിയുടെ ലോകം കാണുന്നു. ചിലർ ബാലസാഹിത്യത്തിലൂടെ കുട്ടിത്തത്തിന്റെ ലോകത്തേക്ക്‌ സഞ്ചരിക്കും. മറ്റുചിലർ മോചനത്തിന്‌ വഴിതേടി നിയമഗ്രന്ഥങ്ങളിലെ ‘ലോ പോയിന്റ്‌’ പഠിക്കും. അങ്ങനെ, പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികൾക്ക്‌ എന്നും വായന ദിനമാണ്‌. 
കേരളത്തിലെ മികച്ച ലൈബ്രറികളിലൊന്നാണ്‌ പൂജപ്പുര സെൻട്രൽ ജയിലിലെ എ ക്ലാസ്‌ ലൈബ്രറി. 17,000 പുസ്‌തകം ഇവിടെയുണ്ട്‌. മുഴുവൻ അന്തേവാസികളും ലൈബ്രറി അംഗങ്ങളാണ്‌. 250ഓളംപേർ സ്ഥിരം വായനക്കാരും.  2015ൽ  ഇ–-ലൈബ്രറിയാക്കിയതോടെ പുസ്‌തകങ്ങൾ ഒറ്റക്ലിക്കിൽ ലഭിക്കും. ഗ്രന്ഥശാലാ സംഘവും സർക്കാരും പുസ്‌തകം വാങ്ങാൻ ഗ്രാന്റ്‌ നൽകുന്നുണ്ട്‌.  
സെല്ലുകളിൽ കൊണ്ടുപോയി വായിക്കാം. റഫറൻസിന്‌ പ്രത്യേക സംവിധാനവുമുണ്ട്‌. റഫറൻസിന്‌ കൂടുതലും നിയമപുസ്‌തകങ്ങളാണെന്ന്‌ ജയിൽസൂപ്രണ്ട്‌  എൻ എസ്‌ നിർമലാനന്ദൻ നായർ പറഞ്ഞു.    
ജയിലിലെ  ഏകാന്തത മറക്കാൻ പുസ്‌തകങ്ങളുമായി കൂട്ടുകൂടി വായനക്കാരായവരുണ്ട്‌. ജയിലിലെത്തി അക്ഷരം പഠിച്ചവരിൽ ചിലരും സ്ഥിരം സന്ദർശകരാണ്‌. വായനയുടെ കരുത്തിൽ ജീവനക്കാരും അന്തേവാസികളുംചേർന്ന്‌ ‘സൃഷ്‌ടി’ സുവനീറും പുറത്തിറക്കി. കഥയും കവിതയും ലേഖനങ്ങളും എഴുതി അന്തേവാസികൾ സർഗാത്മഗതയുടെ പുതുലോകം പണിതു. 
വായിച്ചും വായിപ്പിച്ചും ഷാജു
 
ജീവപര്യന്തക്കാരനായെത്തുമ്പോൾ വായനയെന്ന സ്വപ്‌നവും നാട്ടിലെ ലൈബ്രറിയിൽ സ്ഥിരം സന്ദർശകനായ ഷാജുവിനൊപ്പമുണ്ടായിരുന്നു. ജയിൽ ലൈബ്രറി നവീകരിച്ചപ്പോൾ ലൈബ്രേറിയനായി. ‘‘രണ്ടുണ്ട്‌ കാര്യം, ഇഷ്‌ടംപോലെ വായിക്കാം. 
മറ്റുള്ളവരെ വായിക്കാനും പ്രേരിപ്പിക്കാം.’’–- ഷാജു പറയുന്നു. ലപിൻ വർഗീസ്‌, രാജൻ സി ജോർജ്‌, സുരേഷ്‌, നജീബ്‌, തങ്കമണി നാരായണൻ എന്നിവരാണ്‌ സഹായികൾ. ഇവർക്ക്‌ ചട്ടപ്രകാരമുള്ള വേതനം നൽകുന്നു.  വെൽഫെയർ ഓഫീസർ ജയചന്ദ്രനാണ്‌ ലൈബ്രറിയുടെ ചുമതല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top