24 May Friday

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
തിരുവനന്തപുരം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നടന്നു. രാജകുടുംബസ്ഥാനി മൂലം തിരുനാൾ രാമവർമ പള്ളിവേട്ടയ‌്ക്ക‌് നേതൃത്വം നൽകി. വെള്ളിയാഴ്ച വൈകിട്ട‌് ശംഖുമുഖത്ത്  ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. 
 
ഉത്സവ ശീവേലിക്ക് ശേഷമായിരുന്നു വേട്ടക്കെഴുന്നള്ളത്ത്. രാജകുടുംബസ്ഥാനി ക്ഷേതത്തിൽ നിന്നും ഉടവാളുമായി  പടിഞ്ഞാറെ നടവഴി അകമ്പടി വന്നു. ശ്രീപത്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും എഴുന്നള്ളിച്ചു. പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും, കുന്തക്കാരും, മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു. 
 
സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ  വേട്ടക്കളത്തിന് സമീപം തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട് അമ്പും വില്ലും രാമവർമയ‌്ക്ക് കൈമാറി.  കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും.  വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടി ആറാട്ട‌് ഘോഷയാത്ര ശംഖുംമുഖത്തെത്തും. വിഗ്രഹങ്ങൾ  സമുദ്രത്തിലാറാടിക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
പ്രധാന വാർത്തകൾ
 Top