08 December Sunday

പികെഎസ്‌ നേതാവിന്റെ വീടിന്‌ ബോംബെറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019
കോവളം 
പികെഎസ് കോവളം ഏരിയ സെക്രട്ടറിയുടെ വീടിന്‌ ബോംബെറിഞ്ഞു. പൊട്ടാതിരുന്ന രണ്ട്‌ ബോംബും പൊലീസ് നിർവീര്യമാക്കി. പടിഞ്ഞാറെ പൂങ്കുളം കല്ലടിച്ചാൻമൂല സന്തോഷിന്റെ വീട്ടിലാണ് എറിഞ്ഞ നിലയിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്.ഞായറാഴ്ച പുലർച്ചെ 5.30ന്‌ സന്തോഷ് വീടിന്റെ വാതിൽ തുറന്ന്‌ ‌പുറത്തിറങ്ങിയപ്പോഴാണ്‌ വീടിന്റെ മുന്നിൽ നാടൻബോംബുകൾ കണ്ടെത്തിയത്‌. ആരോ പറ്റിക്കാനായി പേപ്പറിൽ എന്തെങ്കിലും പൊതിഞ്ഞുവച്ചതാകാം എന്ന ധാരണയിൽ സന്തോഷ് ബോംബ്‌ കൈയിലെടുത്തു. ഒരെണ്ണം താഴെ വീഴുകയും മറ്റൊന്ന്‌ പൊളിച്ചുനോക്കുകയും ചെയ്‌തു. ജെലാറ്റിൻ, കുപ്പിച്ചില്ലുകൾ, ഇരുമ്പുകമ്പി കഷ്ണങ്ങൾ, കോൺക്രീറ്റ് മെറ്റൽ, അത്യുഗ്രസ്‌ഫോടകശേഷിയുള്ള വെടിമരുന്ന് തുടങ്ങിയ വസ്തുക്കൾ ഇതിൽ കണ്ടെത്തി. 
 
പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കോവളം പൊലീസ് എത്തി നടത്തിയ പരിശോധനയിൽ നാടൻ ബോംബാണെന്ന് കണ്ടെത്തി.  ശനിയാഴ്ച രാത്രി 12.30ന്‌ സന്തോഷിന്റെ വീടിനുമുന്നിൽ ഒരു സ്കൂട്ടർ വന്നുനിന്നതായും വീടിന്റെ സിറ്റൗട്ടിൽ കസേര നീക്കുന്നതിന്റെ ശബ്ദം തൊട്ടടുത്ത വീട്ടിലെ കുട്ടി കേട്ടതായും സമീപവാസികൾ പറഞ്ഞു.  അയൽവാസി കതക് തുറന്ന് പുറത്തിറങ്ങിയപ്പോൾ ഒരു വെള്ള ആക്ടീവ ഓടിച്ചുപോകുന്നതായും കണ്ടു. വീട്ടിൽ സന്തോഷും ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. കോവളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.  സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ. പി എസ് ഹരികുമാർ ആവശ്യപ്പെട്ടു.
 
പ്രധാന വാർത്തകൾ
 Top