29 November Monday

കണ്ടത്‌ അമ്മൂമ്മയുടെ തലമാത്രം

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

സന്ധ്യയും മക്കളായ മാളുവും ജിത്തുവും

സ്വന്തം ലേഖകൻ
തിരുവനന്തപുരം
""തലമാത്രം വെളിയിൽ കാണുന്ന നിലയിലായിരുന്നു അമ്മൂമ്മ. ചേട്ടൻ ഉണ്ണിക്കൃഷ്‌ണന്റെ നിലവിളി മാത്രമാണ്‌ ആദ്യം കേട്ടത്‌. പിന്നീട്‌ തിരഞ്ഞപ്പോഴാണ്‌ സ്ലാബിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്‌. വീടുകൾ തകരുന്നതെല്ലാം ടിവിയിലും സിനിമയിലും കണ്ടിട്ടുണ്ട്‌. ഇപ്പോൾ ഞങ്ങളുടെ വീടും അതുപോലെ'... സന്ധ്യയുടെ വാക്കുകൾ കണ്ണീരിൽ ഇടറി.
മുടവൻമുഗളിൽ മതിൽ വീണ്‌ തകർന്ന വീട്ടിൽനിന്ന്‌ രക്ഷപ്പെട്ട കുടുംബത്തിന്‌ ഇപ്പോഴും പേടി വിട്ടുമാറിയിട്ടില്ല. മൊബൈലിൽ സിനിമ കണ്ടശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. മക്കൾ നേരത്തെ ഉറങ്ങിയിരുന്നു. കുറച്ച്‌ സമയത്തിനകം വൻ ശബ്ദം കേട്ടു. വീടു തകർന്നു–-സന്ധ്യ പറഞ്ഞു.
"വലിയ  ശബ്ദത്തിൽ കല്ലുകൾ വീഴുന്ന ഒച്ചയാണ്‌ കേട്ടത്‌. ഇതിനിടെ സ്ലാബിന്റെ കഷണം എന്റെ കൈയിൽ വന്നിടിച്ചു. നിലവിളി കേട്ട് അടുത്ത വീട്ടുകാർ ഓടിയെത്തുകയായിരുന്നു. അവരുടെ കൈകളിലാണ്‌ കുഞ്ഞുങ്ങളെ ഏൽപ്പിച്ചത്‌. അഗ്നിശമന സേനയും പൊലീസും സ്ഥലത്ത് സ്ലാബിനടിയിൽ കുടുങ്ങിയ ഉണ്ണിക്കൃഷ്ണനെയും മണ്ണിനടിയിൽപ്പെട്ട ലീലയെയും പുറത്ത് എടുക്കുകയായിരുന്നു–-സന്ധ്യയുടെ ഭർത്താവ്‌ ബിനു പറഞ്ഞു. ഒന്നര മണിക്കൂറിലധികം വേണ്ടി വന്നു ഉണ്ണിക്കൃഷ്‌ണനെ പുറത്തെടുക്കാൻ. ലക്ഷ്‌മിക്കും ഉണ്ണിക്കൃഷ്‌ണനും ഒഴികെ ആർക്കും കാര്യമായ പരിക്കില്ല. 
വാടകയ്‌ക്ക്‌ താമസിച്ചിരുന്ന വീട്‌ തകർന്നതോടെ കിടപ്പാടം നഷ്ടമായ ദുഃഖത്തിലാണ്‌ ബിനുവും കുടുംബവും. മൂന്ന്‌ വർഷത്തിലധികമായി മുടവൻമുഗൾ പാലസ്‌ റോഡിലെ ഷീറ്റിട്ട വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്‌. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top