22 October Thursday

കിടപ്പാടം അന്യമായി.. താങ്ങായി "കാവൽതുറൈ'..

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

വാടക നൽകാത്തതിന് വീട്ടുടമ ഉപകരണങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

വഞ്ചിയൂർ
വാടക നൽകാത്തതിന് വീട്ടുടമ ഇറക്കിവിട്ട യുവതിക്കും പെണ്മക്കൾക്കും താമസസ്ഥലം ഒരുക്കി പൊലീസ്. ഉള്ളൂരിലെ വാടകവീട്ടിൽ നിന്നും വീട്ടുടമയായ ആരോഗ്യപ്രവർത്തകയും സഹായികളും ചേർന്ന് ഇറക്കി വിട്ടവർക്കാണ് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് സഹായമൊരുക്കിയത്. വീട്ടുസാധനങ്ങളും തയ്യൽ മെഷീനും വലിച്ചെറിഞ്ഞ്‌ വീട്ടുടമയും കൂട്ടാളികളും ചേർന്ന്‌ ഇവരെ അടിച്ചിറക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശിനിയായ ഇവർ കുട്ടികളുടെ പഠനത്തിനായാണ് കേരളത്തിലെത്തിയത്. 
രണ്ട്‌ വർഷമായി ഉള്ളൂരിൽ വാടകയ്ക്കാണ് താമസം. ഭർത്താവ് ഡ്രൈവറാണ്. അടുത്ത വീടുകളിലടക്കം തയ്യൽ ജോലികൾ ചെയ്തായിരുന്നു ഉപജീവനം. കോവിഡ് വന്നതോടെ  വരുമാനം മുടങ്ങി. പിന്നാലെ മൂന്നു മാസത്തെ വാടക കുടിശ്ശികയായി. ദേശീയ യോ​ഗ്യതാ പരീക്ഷ (നീറ്റ്) എഴുതി നിൽക്കുന്ന മൂത്ത മകളുടെയും പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ ഇളയകുട്ടിയുടെയും പഠനം നിലച്ച അവസ്ഥയാണ്. ആത്മഹത്യയുടെ വക്കിലായ കുടുംബം പോങ്ങുംമൂട്ടിലെ കുടുംബശ്രീ പ്രവർത്തകയുടെ സഹായത്താൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. 
സിഐ പി ഹരിലാലിന്റെ ഇടപെടലിനെ തുടർന്ന് ശ്രീകാര്യത്ത് താൽക്കാലിക താമസം ഒരുക്കി. തയ്യൽക്കട തുടങ്ങാനും മക്കളുടെ ഉപരിപഠനത്തിനും എല്ലാ സഹായവും ജനമൈത്രിപൊലീസ്‌ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top