22 August Thursday

നിശാഗന്ധിക്കിനി സംഗീതം പൊഴിയും ‘മൺസൂൺ രാവ്‌’

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

തിരുവനന്തപുരം

അനന്തപുരിയിലെ സംഗീത പ്രേമികൾക്ക‌് സുന്ദരരാവുകൾ സമ്മാനിക്കാൻ പഞ്ചദിന ‘നിശാഗന്ധി മൺസൂൺ രാഗാസ്’ സംഗീതോത്സവം ശനിയാഴ‌്ച ആരംഭിക്കുമെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 24 വരെ തുടരും. ശനിയാഴ്ച വൈകിട്ട് 6.15 ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ പി സദാശിവം സംഗീതോത്സവം ഉദ‌്ഘാടനം ചെയ്യും. 24ന‌് വൈകിട്ട‌് 6.15ന‌് സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഗീതത്തിന് സമഗ്രസംഭാവന നൽകിയിട്ടുള്ള പ്രഗത്ഭർക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നൽകുന്ന പ്രഥമ നിശാഗന്ധി സംഗീത പുരസ്കാരങ്ങൾ സമ്മാനിക്കും.  പ്രശസ്ത കർണാടക സംഗീതജ്ഞ പാറശാല ബി പൊന്നമ്മാളും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ  ടി വി ഗോപാലകൃഷ്ണനുമാണ‌് പുരസ‌്കാര ജേതാക്കൾ. ഹിന്ദുസ്ഥാനി, കർണാട്ടിക്, ഗസൽ സംഗീതശാഖകളും പാശ്ചാത്യ പൗരസ്ത്യ സംഗീതോപകരണങ്ങളുടെ താളവും രാഗവും സമന്വയിക്കുന്ന മൺസൂൺ സംഗീതോത്സവത്തിൽ പ്രശസ്ത സംഗീതജ്ഞർ അണിനിരക്കും. ശനിയാഴ്ച ഉദ്ഘാടനത്തോടനുബന്ധിച്ച്  ഉണ്ണികൃഷ്ണ പാക്കനാരും സംഘവും അവതരിപ്പിക്കുന്ന ബാംബൂ സിംഫണിയും സംഗീത സമ്രാട്ട് ചിത്രവീണ എൻ രവികിരണും പ്ലാനറ്റ് സിംഫണി എൻസെമ്പിളിലെ പ്രശസ്തരായ കലാകാരന്മാരും അണിനിരക്കുന്ന ചിത്രവീണ കച്ചേരിയും അരങ്ങേറും. ഞായറാഴ്ച  സ്വാതി തിരുനാൾ ഗവ. സംഗീത കോളേജിന്റെ സംഗീത സംഗമവും ഗസൽ മാസ്റ്റർ ജസ്വീന്ദർ സിങ്ങിന്റെ ഗസലും അവതരിപ്പിക്കും. തിങ്കളാഴ്ച കൃഷ്ണ അജിത്തിന്റെ വയലിൻ കച്ചേരിയും വിദുഷി എസ് സൗമ്യയുടെ കർണാടക സംഗീതക്കച്ചേരിയും നടക്കും. ചൊവ്വാഴ്ച എ എസ‌്  അനന്തസായിയുടെ കർണാടക സംഗീതക്കച്ചേരിയും ഗ്രാമി അവാർഡ് ജേതാവ് പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ മോഹനവീണയും  സമ്രാട്ട് പണ്ഡിറ്റ് സലിൽ ഭട്ടിന്റെ സാത്വിക് വീണയും അരങ്ങേറും. സമാപന ദിവസം രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ ഫ്യൂഷൻ സംഗീതവും  ഉസ്താദ് റഫീഖ് ഖാൻ (സിത്താർ) നയിക്കുന്ന ക്ലാസിക്കൽ ഫ്യൂഷൻ ബാൻഡിന്റെ ‘ശിവ’ ദ മ്യൂസിക്കൽ തണ്ടറും അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് 6.30 ന് ആരംഭിക്കുന്ന സംഗീതോത്സവത്തിൽ പ്രവേശനം സൗജന്യമാണ്.

പ്രധാന വാർത്തകൾ
 Top