21 August Wednesday
കർക്കടക വാവ‌്

വർക്കലയിൽ വിപുലമായ ഒരുക്കങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

വർക്കല 

കർക്കടകവാവിന് ബലിതർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ  കലക്ടർ വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു. വർക്കല ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വി ജോയി എംഎൽഎ അധ്യക്ഷനായി. കലക്ടർ കെ ഗോപാലകൃഷ്ണൻ, സബ് കലക്ടർ ഇമ്പശേഖർ, വർക്കല നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, തഹസിൽദാർ എ വിജയൻ, പതിനഞ്ചോളം വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഹരിതചട്ടം നടപ്പാക്കിയാകും  ബലിതർപ്പണം. വർക്കല പാപനാശം തീരത്തെത്തുന്ന ജനങ്ങൾക്ക് ഇത്തവണ കൂടുതൽ സൗകര്യമൊരുക്കും. പായൽ നീക്കി ശുചിയാക്കിയ ജനാർദനസ്വാമി ക്ഷേത്ര ചക്ര തീർഥക്കുളം ജനങ്ങൾക്കായി തുറന്നുകൊടുക്കും. 30നും 31നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കും. പ്രദേശത്ത് 10 സിഐമാരുടെ നേതൃത്വത്തിൽ 750 പൊലീസുകാരെയും 100 വനിതാ പൊലീസുകാരെയും വിന്യസിക്കും. തിരക്കുള്ള പ്രദേശങ്ങളിൽ സിസിടിവി സ്ഥാപിക്കുകയും വനിതകളടക്കമുള്ള ഷാഡോ പൊലീസിനെയും വിനിയോഗിക്കും. തീരത്ത് വടം കെട്ടിത്തിരിച്ച് സുരക്ഷയൊരുക്കും. തീരത്തേക്ക‌് പോകാൻ സർക്കാരിന്റെ നാല് ആംബുലൻസുകൾക്ക് മാത്രമാകും അനുമതി. കുളത്തിനും റോഡിനും മധ്യേ അപകടാവസ്ഥയിലുള്ള കിണറിനു സമീപം ബാരിക്കേഡ് നിർമിക്കും. ബലിതർപ്പണചടങ്ങുകൾ നടത്തുന്ന തന്ത്രിമാരുടെ ഫീസ് മിതമായ തോതിൽ ഏകോപിപ്പിക്കാനും ഭക്ഷണ ക്രമീകരണത്തിന് താൽക്കാലിക കല്യാണമണ്ഡപം ഉപയോഗപ്പെടുത്താനും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെഎസ്ആർടിസി  വിവിധ സ്ഥലങ്ങളിൽ നിന്നുമായി 700 സർവീസ‌് നടത്തും. കുടിവെള്ളപ്രശ്നം പരിഹരിക്കാൻ വാട്ടർ അതോറിറ്റിയുടെ സഹായത്താൽ വിവിധ കേന്ദ്രങ്ങളിലായി 5000 ലിറ്റർ ജലസംഭരണ ശേഷിയുള്ള 15 ടാങ്കും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസും ദേവസ്വം ബോർഡും വിവിധ സ്ഥലങ്ങളിൽ പാർക്കിങ‌് സൗകര്യവും തെരുവുവിളക്കുകളും ഏർപ്പെടുത്തും. വർക്കല നഗരസഭ 40 താൽക്കാലിക ടോയ‌്‌ലെറ്റുകൾ സ്ഥാപിക്കും. വിവിധ റോഡുകളിലെ ഇരുവശങ്ങളും വൃത്തിയാക്കാനും ശോച്യാവസ്ഥ പരിഹരിക്കാനും നിർദേശം നൽകി. കടൽതീരത്തെ സുരക്ഷയ്ക്കും ചക്ര തീർഥക്കുളത്തിന് ചുറ്റുമായി 50 ലൈഫ് ഗാർഡുകൾ നിലയുറപ്പിക്കും. ആർടിഒ,  എക്സൈസ്, അഗ്നിശമനസേന, റവന്യൂ, ആരോഗ്യം, മുനിസിപ്പാലിറ്റി എന്നിവരുടെയും മികച്ച സേവനങ്ങളുണ്ടാകും.

പ്രധാന വാർത്തകൾ
 Top