18 September Wednesday
നഗരസഭയിൽ അത്യാധുനിക അറവുശാല വരുന്നു

മാലിന്യമാകാതെ മാംസ സംസ്കരണം

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019
തിരുവനന്തപുരം
ആത്യാധുനിക സൗകര്യങ്ങളോടെ മാംസ സംസ്കരണശാല തുറക്കാനൊരുങ്ങി തിരുവനന്തപുരം ന​ഗരസഭ. മൃ​ഗങ്ങളെ അറുക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യപ്രശ്നങ്ങൾ ഇല്ലാതെയാക്കുന്ന രീതിയിലാണ് പുതിയ പദ്ധതി കുന്നുകുഴിയിൽ ആരംഭിക്കുന്നത്. മലിനീകരണപ്രശ്നങ്ങളെ തുടർന്ന് 2013ൽ അടച്ചുപൂട്ടിയ ന​ഗരസഭയുടെ അറവുശാല ആധുനിക സംവിധാനങ്ങളോടെ വീണ്ടും പുനർനിർമിക്കും. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ കേന്ദ്രം. അറുക്കുന്നതുമുതൽ മാംസം ചെറിയ കഷണങ്ങളാക്കുന്നതുവരെ യന്ത്രങ്ങൾ തന്നെ ചെയ്യും.  എട്ടു മണിക്കൂർകൊണ്ട് 25 പോത്തിനെയും 50 ആടിനെയും ഇവിടെ അറുക്കാൻ കഴിയും. 16 മണിക്കൂർ തുടർച്ചായി പ്രവർത്തിക്കാൻ കഴിയുന്ന സാങ്കേതിക സംവിധാനം സംസ്കരണ ശാലയ്ക്കുണ്ട്. 
 
വെള്ളം സംസ്കരിക്കാനായി ട്രീന്റ്മെന്റ് പ്ലാന്റുണ്ട്. അതിൽ പ്രതിദിനം 50,000 ലിറ്റർ വെള്ളം സംസ്കരിക്കാൻ കഴിയും. പ്ലാന്റിൽ സംസ്കരിക്കുന്ന വെള്ളം ഇവിടെയുള്ള ആവശ്യങ്ങൾക്ക് വീണ്ടും ഉപയോ​ഗിക്കാനായി ആർഒ പ്ലാന്റും ഉണ്ട്. ഇതിലൂടെ ഉപയോ​ഗിക്കുന്ന വെള്ളത്തിന്റെ അളവ് പരമാവധി കുറയ്ക്കാൻ കഴിയും. അറവിന്റെ ഭാ​ഗമായി ഉണ്ടാവുന്ന മാലിന്യങ്ങൾ റെൻഡറിങ് പ്ലാന്റിലൂടെ സംസ്കരിക്കും. ചാണകവും മൃ​ഗതോലുമൊഴിച്ച് ബാക്കി മാലിന്യങ്ങളെല്ലാം ഇവിടെത്തന്നെ സംസ്കരിക്കും. എല്ല്, കുടൽ തുടങ്ങിയവയെല്ലാം പൊടിച്ച‌് ഇത‌് മീൻ, നായ, കോഴി എന്നീ ജീവികൾക്ക‌് തീറ്റ ഉണ്ടാക്കാൻ ഉപയോ​ഗിക്കാം. കേരളത്തിൽ തോൽ സംസ്കരണ കേന്ദ്രമില്ലാത്തതിനാൽ തോൽ തമിഴ്നാട്ടിലേക്ക‌് കൊണ്ടുപോകും. റെൻഡറിങ് പ്ലാന്റിൽ സ്ഥാപിക്കുന്ന ബയോഫിൽറ്റർ സംസ്കരണത്തിന്റെ ഭാ​ഗമായി ഉണ്ടാവുന്ന ഗന്ധം പൂർണമായും ഇല്ലാതെയാക്കും. പ്രതിദിനം 200 കിലോ ചാണകം ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റും ഇവിടെ ഒരുക്കുന്നുണ്ട്. മുഴുവനായി അടച്ച രീതിയിലാണ് പ്ലാന്റ്. അതിനാൽ ശബ്ദവും പുറത്ത് കേൾക്കില്ല.
 
മേയറുടെ നേതൃത്വത്തിൽ ന​ഗരാസൂത്രണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ സാങ്കേതിക വിഭാ​ഗം എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ഇതിനെ തുടർന്ന് ശുചിത്വ മിഷന്റെ സാങ്കേതിക കമ്മിറ്റിയംഗം ഡോ. മോഹൻ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി. ഒമ്പതര കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ് (കെഇഎൽ) ആണ് സാങ്കേതിക ടെൻഡർ സ്വന്തമാക്കിയത്. സാമ്പത്തിക ടെൻഡറുമായി ബന്ധപ്പെട്ട് ചൊവ്വാഴ‌്ച ന​ഗരസഭയിൽ നടക്കുന്ന യോ​ഗത്തിൽ പദ്ധതി നടത്തിപ്പിന്റെ അവസാന രൂപരേഖയാകും.
 
 
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top