26 August Monday

അതിർത്തിയിൽ ലോട്ടറി വ്യാപാരികൾക്ക‌് തമിഴ്നാട് പൊലീസിന്റെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
പാറശാല - 
കേരള–--തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ ലോട്ടറി വിൽപ്പന നടത്തുന്ന തൊഴിലാളികളെ അകാരണമായി കളിയാക്കാവിള എസ്ഐയുടെ നേത്യത്വത്തിലുള്ള തമിഴ്നാട് പൊലീസ് സംഘം ഭീഷണിപ്പെടുത്തുന്നതായി വ്യാപക പരാതി. കളിയിക്കാവിള മുതൽ പടന്താലുമൂട് വരെയുള്ള ദേശീയ പാതയിലെ ഒരു വശം കേരളത്തിന്റെ ഭാഗമാണ്. ഈ സ്ഥലങ്ങളിലെ കേരള ലോട്ടറി വിൽപ്പന നടത്തുന്ന വ്യാപാരികളെയാണ് ഭീഷണിപ്പെടുത്തുന്നത്. 
 
ഒരാഴ്ചക്കുള്ളിൽ ലോട്ടറി വിൽപ്പന നിർത്തി വയ്ക്കണമെന്നാണ് പൊലീസ് താക്കീത്. അതിർത്തിയിലെ ഇത്തരം ലോട്ടറി വിൽപ്പന കേന്ദ്രങ്ങളിലെത്തി തമിഴ്നാട്ടുകാർ ടിക്കറ്റ് വാങ്ങുന്നതാണ് തമിഴ്നാട് പൊലീസിനെ ചൊടിപ്പിക്കുന്നത്. ഭാഗ്യക്കുറി വാങ്ങുന്നവരെ അകാരണമായി കസ്റ്റഡിയിലെടുക്കുന്നതായും പരാതിയുണ്ട്. തമിഴ്നാട്ടിൽ ലോട്ടറി ടിക്കറ്റിന്റെ വിൽപ്പന നിരോധിച്ചിട്ടുള്ളതിന്റെ മറവിലാണ് തമിഴ്നാട് പൊലീസിന്റെ ഈ കിരാത നടപടി. അതിർത്തിയിലെ കേരളത്തിനോട് ചേർന്ന ഭാഗത്ത് സർക്കാരിന്റെ അംഗീകാരത്തോടെ ഏകദേശം ഇരുപതോളം പാവപ്പെട്ട ചെറുകിട ലോട്ടറി കച്ചവടക്കാരാണ് ലോട്ടറി വിൽപ്പന നടത്തി ഉപജീവന മാർഗ്ഗം തേടുന്നത്. 
 
ടിക്കറ്റ് വാങ്ങുന്നവർക്കെതിരെയും പോലീസ് ഭീഷണിയുള്ളതിനാൽ ടിക്കറ്റ് വിൽപ്പനക്ക് ഗണ്യമായ കുറവ് ഉണ്ടായതായും വ്യാപാരികൾ പറയുന്നു. കൂടാതെ മലയാളികളോട് എസ്ഐ വളരെ മോശമായും വൈരാഗ്യബുദ്ധിയോടെയുമാണ് പെരുമാറുന്നതെന്ന ആരോപണവുമുണ്ട്. കളിയിക്കാവിളയ‌്ക്ക് പുറമെ അതിർത്തി ഭാഗങ്ങളിലെ തമിഴ്നാട് പൊലീസ് സ്റ്റേഷനുകളിലും കേരളത്തിൽ നിന്നുള്ളവരെ പിടികൂടിയാൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ക്രൂരമായി മർദിച്ച് ജയിലിലടയ‌്ക്കുന്നുവെന്ന പരാതിയുമുണ്ട്. അടുത്തിടെ കന്നുമാമൂട്ടിൽ കേരളത്തിലെ സിപിഐ എം പ്രവർത്തകരെ അകാരണമായി പിടികൂടി ക്രൂരമായി മർദിച്ച് കള്ളക്കേസിൽ കുടുക്കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ അതിർത്തിയിലെ കേരളത്തിൽ ലോട്ടറി വിൽപ്പന നടത്തുന്നവർക്കെതിരെ തമിഴ്നാട് പൊലീസ് തിരിഞ്ഞിരിക്കുന്നത്. ഇതിനെതിരെ അതിർത്തിയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ്.
 
 
പ്രധാന വാർത്തകൾ
 Top