26 February Wednesday

കരമന–- കളിയിക്കാവിള ദേശീയപാത നിർമാണം വേഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020
ബാലരാമപുരം
കരമന–-- കളിയിക്കാവിള ദേശീയപാത വികസനപ്രവർത്തനങ്ങൾ അതിവേഗത്തിലാക്കി സർക്കാർ. റോഡിന്റെ അനുബന്ധ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണ്‌. ഓട നിർമാണം 76 ശതമാനം പൂർത്തിയായി കഴിഞ്ഞു.2019 ജനുവരി 24നാണ് രണ്ടാംഘട്ടം നിർമാണം ഉദ്‌ഘാടനം നടന്നത്. ഒരുവർഷംകൊണ്ട്‌ ഇത്രയും പ്രവർത്തന പുരോഗതി കൈവരിക്കാനായത് സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ജാഗ്രതകൊണ്ടാണ്‌.
720 ദിവസമാണ് കരാർ കാലാവധി. അതിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് ജനപ്രധിനിധികളോ സർക്കാർ പ്രധിനിധികളോ ഇതുവരെ ആവശ്യപ്പെട്ടില്ല. പഴയ രൂപരേഖ അനുസരിച്ച് തന്നെ പ്രവൃത്തി നടത്തണമെന്നാണ് സ്വീകരിച്ച നിലപാട്. പ്രാവച്ചമ്പലം പ്രദേശത്തെ സ്ഥലവാസികളുടെ പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സ്ഥലം സന്ദർശിക്കുകയും പരാതികൾ കേൾക്കുകയും ചെയ്തു. 
പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്റെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ നാല്‌ യോഗങ്ങൾ ചേർന്ന് പ്രവർത്തന പുരോഗതി കൃത്യമായി വിലയിരുത്തുന്നുണ്ട്‌. വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി ബോർഡ്, ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ എന്നിവരുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. ഇലക്ട്രിക്‌ പോസ്റ്റുകളും ജലഅതോറിറ്റി പൈപ്പുകളും മാറ്റുന്ന പണി കൂടി പൂർത്തിയായാൽ അവസാനഘട്ട പ്രവർത്തനത്തിലേക്ക് കടക്കും. 
പ്രാവച്ചമ്പലം രാജപാതയിലെ താമസക്കാരായ 21 കുടുംബങ്ങൾക്കും 3 സെന്റ് ഭൂമിയിൽ പട്ടയാവകാശം നൽകുകയും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച്‌ നൽകുകയും ചെയ്തു. മുടവൂർപാറയിലെ ശ്രീനാരായണഗുരു മന്ദിരം പുനഃപ്രതിഷ്ഠിക്കുന്നതിന് എസ്എൻഡിപി യോഗം ഭാരവാഹികളുടെ സഹായത്തോടെ നടപടി സ്വീകരിച്ചിട്ടുണ്ട്. കരമന–-- കളിയിക്കാവിള ദേശീയപാത വികസനം പൂർത്തിയാകുന്നത് സംബന്ധിച്ച്‌ കൃത്യമായ ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്ത നിന്നുണ്ടാകുന്നത്.
എന്നാൽ, സർക്കാർ നടപടിയെ അപകീർത്തിപ്പെടുത്തുന്ന പരമ്പര വാർത്തകളുമായി മലയാളമനോരമ പത്രം രംഗത്തുവന്നതിനെതിരെ നാട്ടുകാരിലും യാത്രക്കാരിലും അമർഷം രൂപപ്പെട്ടിട്ടുണ്ട്‌. രണ്ടാംഘട്ട നിർമാണത്തിന്റെ വേഗത കുറവാണ് എന്നാണ്‌ മനോരമ പ്രചരിപ്പിക്കുന്നത്‌. അതിവേഗത്തിലുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും വസ്‌തുതകൾ മറച്ചുവച്ചാണ്‌ മനോരമ വാർത്ത നൽകിയതെന്നും ഐ ബി സതീഷ് എംഎൽഎ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top