15 May Saturday

ആരാധനാലയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021

 തിരുവനന്തപുരം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ആരാധനാലയങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന്‌ കലക്ടർ നവ്‌ജ്യോത് ഖോസ. ആരാധനാലയങ്ങൾക്കുള്ളിൽ സ്ഥലവിസ്തൃതിയുടെ പകുതിയിൽ താഴെ ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത് പരമാവധി 75 പേരിൽ കവിയരുത്‌. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മത -സാമുദായിക സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്‌ നിർദേശങ്ങൾ.
ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ നടത്തുമ്പോൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. കഴിയുന്നതും ചടങ്ങുകൾ മാത്രമായി ഇവ പൂർത്തിയാക്കണം. അന്നദാനം അടക്കമുള്ള പരിപാടികൾ ഒഴിവാക്കണം. ആരാധനാലയങ്ങളിൽ ടാങ്കുകളിലും മറ്റും വെള്ളം സംഭരിച്ച് പൊതുവായി ഉപയോഗിക്കുന്നതിനു പകരം പൈപ്പ് വഴി വെള്ളം ഉപയോഗിക്കണം. ആവശ്യത്തിനു സാനിറ്റൈസറും കൈ കഴുകാനുള്ള മറ്റു സൗകര്യങ്ങളും ഉറപ്പാക്കണം. 
ഇൻഡോർ പരിപാടികളിൽ 75ഉം ഔട്ട് ഡോർ പരിപാടികളിൽ 150 പേരും മാത്രമേ പങ്കെടുക്കാവൂ. പത്തു വയസ്സിനു താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും ഗർഭിണികളും വീടുകളിൽത്തന്നെ കഴിയണം.
ആരാധനാലയങ്ങൾക്കുള്ളിലും പുറത്തും വീടുകളിലും പ്രത്യേകിച്ച്‌ തിരക്കേറിയയിടങ്ങളിലും നിയന്ത്രണങ്ങൾ സംബന്ധിച്ച് അനൗൺസ്‌മെന്റ് നടത്തണം. ആരാധനാലയങ്ങളിലെ 45 വയസ്സിനുമേലുള്ള എല്ലാ പുരോഹിതന്മാരും സഹായികളും കോവിഡ് വാക്‌സിൻ എടുക്കണം. വാക്‌സിൻ എടുത്തിട്ടില്ലാത്തവരും 45 വയസ്സിനു താഴെയുള്ളവരും ഓരോ 15 ദിവസം കഴിയുമ്പോഴും ആർടിപിസിആർ പരിശോധന നടത്തണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ സഹകരണവും സഹായവും നൽകുമെന്നു യോഗത്തിൽ പങ്കെടുത്ത മത -സാമുദായിക സ്ഥാപന പ്രതിനിധികൾ കലക്ടർക്ക് ഉറപ്പു നൽകി.  യോഗത്തിൽ വിവിധ മത, സാമുദായിക പ്രതിനിധികൾ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top