15 October Tuesday

നഗരം ആഹ്ലാദത്തിമിർപ്പിൽ ഓണം ഘോഷയാത്ര ഇന്ന്‌ പൊടിപൊടിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

 തിരുവനന്തപുരം 

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തിൽ തിങ്കളാഴ്‌ച നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങൾ. കേരളത്തിന്‌ പുറത്തുള്ള പത്ത്‌ സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ നിറച്ചാർത്തണിയിക്കാൻ നഗരത്തിലെത്തി. വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്ന്‌ ഘോഷയാത്ര ആരംഭിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രയ്‌ക്ക്‌ കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും.യൂണിവേഴ്‌സിറ്റി കോളേജിനുമുന്നിൽ സജ്ജമാക്കുന്ന പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി പ്രഹ്‌ളാദ് സിങ്‌ പട്ടേൽ, മന്ത്രിമാർ, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസംമന്ത്രിമാർ എന്നിവർ ഘോഷയാത്ര വീക്ഷിക്കും. വിശിഷ്ടാതിഥികൾക്കുമുന്നിൽ എട്ടോളം തെയ്യം കലാരൂപങ്ങൾ അവതരിപ്പിക്കും. വൈകിട്ട് ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനവും നൽകും.
 
രാജസ്ഥാനിൽനിന്നുള്ള ചക്രി നൃത്തം, മണിപ്പൂരിൽനിന്നുള്ള ലായിഹരൗബ നൃത്തം, പഞ്ചാബിന്റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ് നൃത്തം കരഗം, കർണാടകത്തിലെ ഡോൽ കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയാണ് കേരളീയ കലാരൂപങ്ങൾക്കൊപ്പം നഗരത്തിൽ കലാവിരുന്നൊരുക്കാൻ എത്തുന്നത്.
ഇതിനൊപ്പം കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡും ഘോഷയാത്രയെ വർണാഭമാക്കും. പൂരക്കളി, വേലക്കളി, കേരളനടനം, മോഹനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്ക്കാൽ മയൂരനൃത്തം, മയിലാട്ടം, ഗരുഡൻപറവ, അർജുനനൃത്തം, ആഫ്രിക്കൻ നൃത്തം, പരിചമുട്ട് കളി തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടാനെത്തുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങൾ തുടങ്ങിയവർ ചേർന്ന് എൺപതോളം നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിൽ അവതരിപ്പിക്കും. 
പ്രധാന വാർത്തകൾ
 Top