04 April Saturday

പുരസ്‌കാരം ഏതുമാകട്ടെ... ബ്ലോക്ക്‌ നെടുമങ്ങാട്‌ തന്നെ

അസീം താന്നിമൂട്‌Updated: Sunday Feb 16, 2020

നെടുമങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ൈജവ ഗ്രാമം

 നെടുമങ്ങാട്
പുരസ്‌കാരപ്രഖ്യാപനങ്ങൾ ഏതുമാകട്ടെ,  ബ്ലോക്ക്‌ പഞ്ചായത്തിന്റെ ട്രോഫി  നെടുമങ്ങാടിന്റെ കൈയിൽ ഭദ്രം. ഒടുവിൽ പ്രഖ്യാപിച്ച സംസ്ഥാനത്തെ മികച്ച ബ്ലോക്ക്‌ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫികൂടി നേടി പൊൻതൂവലിന്റെ എണ്ണത്തിൽ ഒന്നുകൂടി ചേർത്തു. തുടര്‍ച്ചയായി രണ്ടാംതവണയാണ് നെടുമങ്ങാടിനെ തേടി സ്വരാജ്‌ ട്രോഫി എത്തുന്നത്‌. 2018,19 വര്‍ഷങ്ങളിലെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ അവാർഡും തുടര്‍ച്ചയായി ബ്ലോക്കിന്‌ ലഭിച്ചിരുന്നു. കൃഷിവകുപ്പിന്റെ ജില്ലയിലെ മികച്ച പൊതു സ്ഥാപനത്തിനുള്ള അവാർഡും രണ്ട്‌ തവണ സ്വന്തമാക്കി. പഞ്ചായത്തുകളെ സംയോജിപ്പിച്ച് നടപ്പാക്കുന്ന മാതൃകാപരവും വ്യത്യസ്തവുമായ പദ്ധതികളുടെ മികവാണ് പുരസ്കാരത്തിലേക്ക്‌ എത്തിക്കുന്നത്‌. മണ്ണിന്റെയും മനുഷ്യന്റെയും ആയുസ്സിനായി എന്ന സന്ദേശത്തിൽ ആരംഭിച്ച ജൈവഗ്രാമം പദ്ധതിയാണ്‌ ബ്ലോക്കിനെ ശ്രദ്ധേയമാക്കിയത്‌. 
ബ്ലോക്ക്‌ പഞ്ചായത്ത് ജനപ്രതിനിധികളും  ജീവനക്കാരും 425000 രൂപ സ്വയം നിക്ഷേപിച്ച് 2015 ഡിസംബറിൽആരംഭിച്ച സംരംഭമാണ് ജൈവഗ്രാമം.നാലു വർഷംകൊണ്ട് നൂറേക്കർ തരിശുഭൂമിയിൽ ജൈവകൃഷിയിറക്കി  പൊന്ന്‌ വിളയിച്ച്‌ പദ്ധതി മുന്നേറി. പ്രളയകാലത്ത് ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കു നല്‍കാൻ പാകത്തിന്‌ ലാഭമുള്ള പദ്ധതിയായി ഇന്ന്‌ ജൈവഗ്രാമം മാറി. 4000 കിലോ ജൈവ ഉല്പന്നങ്ങൾ 2018 ,2019 പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിക്കുകയും ചെയ്‌തു.മാലിന്യവാഹിനിയായി കിതച്ചൊഴുകിയിരുന്ന കിള്ളിയാറിനുവേണ്ടി ആരംഭിച്ച  കിള്ളിയാർ മിഷനാണ്‌ അടുത്ത പ്രധാന പദ്ധതി. ഈ വെള്ളിയാഴ്‌ച പ്രണയ ദിനത്തിൽ നടന്ന  രണ്ടാംഘട്ടം ശുചീകരണത്തിൽ മുപ്പതിനായിരം മനുഷ്യരെ അവരുടെ പുഴയ്‌ക്കുവേണ്ടി ഒന്നിപ്പിക്കാൻ ബ്ലോക്ക്‌ പഞ്ചായത്തിന്‌ കഴിഞ്ഞു. അങ്കണവാടി കുട്ടികൾമുതൽ വയോജനങ്ങൾവരെയും 
കലാഗ്രാമംമുതൽ കലാസമൃദ്ധിവരെയും ഒരേ പരിഗണനയോടെയാണ്‌ ഇവിടെ മുന്നേറുന്നത്‌. അഗ്രി ഇൻക്യുബേഷൻ സെന്റർ,  ഇൻഡോർ സ്റ്റേഡിയം, മൾട്ടി പർപ്പസ് സ്റ്റേഡിയം, ഭൗമ വിവര പഞ്ചായത്ത്‌, മൊബൈൽ ഗവേണൻസ് തുടങ്ങിയ വ്യത്യസ്തവും വിപുലവുമായ അനവധി പദ്ധതികൾ ബി ബിജുവിന്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കുന്നു. 
അതുകൊണ്ടുതന്നെയാണ്‌ അമരക്കാരനെ തേടി മികച്ച ജനപ്രതിനിധിക്കുള്ള പ്രതിഭാ പുരസ്കാരവും കഴിഞ്ഞ വർഷം എത്തിയത്‌. ഒപ്പം മികച്ച ജീവനക്കാർക്കുള്ള അവാർഡും ബ്ലോക്കിന്‌ ലഭിച്ചിരുന്നു. പുരസ്‌കാരനേട്ടം മുഴുവൻ നാട്ടുകാർക്കും ഒപ്പംനിന്ന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമായി സമർപ്പിക്കുന്നതായി പ്രസിഡന്റ്‌ ബി ബിജു പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top