18 February Monday

പാലിയേറ്റീവ് കെയറിന് രൂപരേഖയുണ്ടാക്കും: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

പാലിയേറ്റീവ് കെയറിന് രൂപരേഖയുണ്ടാക്കും: മന്ത്രി കെ കെ ശൈലജ 

തിരുവനന്തപുരം 

സംസ്ഥാനതലത്തിൽ പാലിയേറ്റീവ് കെയറിന്  രൂപരേഖയുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ  ശൈലജ  പറഞ്ഞു.  എൻജിഒകളെക്കൂടി പാലിയേറ്റീവ് പദ്ധതികളിൽ ഉൾപ്പെടുത്തും.   ഇതിനായി ശിൽപ്പശാല സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വഴുതക്കാട് ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള പാലിയേറ്റീവ് കെയർ ദിനാചരണവും സാന്ത്വന സംഗമവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ആരോഗ്യമേഖലയുടെ സമഗ്ര പുരോഗതിയോടൊപ്പം സാന്ത്വന പരിചരണത്തിനും സർക്കാർ വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്ന് മന്ത്രി കെ കെ ശൈലജ  പറഞ്ഞു. കേരളത്തിൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ 1993ൽ ആരംഭിച്ചെങ്കിലും ജനകീയമായത് 2008ൽ എൽഡിഎഫ‌്  സർക്കാർ മാർഗരേഖ പുറപ്പെടുവിച്ചതോടെയാണ്. ഓരോ പ്രദേശത്തും പ്രയാസപ്പെടുന്ന രോഗികൾക്ക് ആവശ്യമായ സാന്ത്വനപരിചരണം നൽകാൻ അതത് പ്രദേശത്തെ പൊതുസമൂഹത്തെ പ്രാപ്തമാക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ പിന്തുണയോടുകൂടിയുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരുന്നത്. പ്രൈമറി ലെവൽ പാലിയേറ്റീവ് കെയർ, സെക്കൻഡറി ലെവൽ പാലിയേറ്റീവ് കെയർ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. 

  എൽഡിഎഫ‌് സർക്കാർ വന്നശേഷമാണ് സെക്കൻഡറി പാലിയേറ്റീവ് കെയർ മേഖലയിൽ 238 സ്റ്റാഫ് നേഴ്‌സുമാർ, 238 ഫിസിയോ തെറാപ്പിസ്റ്റുകൾ എന്നിവരുടെ തസ്തികകൾ പുതുതായി സൃഷ്ടിച്ചത്. കൂടാതെ, എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയർ സെക്കൻഡറി യൂണിറ്റുകളും ആരംഭിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ  മധു അധ്യക്ഷനായി.   ആരോഗ്യകേരളം തിരുവനന്തപുരം ഡിപിഎം ഡോ.  പി വി അരുൺ പാലിയേറ്റീവ് കെയർ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി ഡിഎംഒ  ഡോ.  നീന, നഗരസഭ സ്റ്റാൻഡിങ‌് കമ്മിറ്റി അംഗം കെ  ശ്രീകുമാർ, സിനിമ താരം എം ആർ  ഗോപകുമാർ, ജില്ല പാലിയേറ്റീവ് കോ- ഓർഡിനേറ്റർ റോയ് ജോസ് എന്നിവർ പങ്കെടുത്തു. പത്മശ്രീ ലഭിച്ച ഡോ. എം ആർ രാജഗോപാലിനെയും ലക്ഷ്മിക്കുട്ടിയമ്മയേയും ചടങ്ങിൽ ആദരിച്ചു.

 

 

 

പ്രധാന വാർത്തകൾ
 Top