21 February Thursday

പൊതിച്ചോറ‌് നൽകാത്തതിനാൽ വീട്ടമ്മമാരെ ആക്രമിച്ചെന്ന‌ വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
നെടുമങ്ങാട് 
ആനാട്ട് വീട്ടമ്മമാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചെന്ന മനോരമ വാര്‍ത്ത വാസ്തവവിരുദ്ധവും ആര്‍എസ്എസ്–--ബിജെപി അക്രമിസംഘത്തിന്റെ ചെയ്തികളെ വെള്ളപൂശിക്കാണിക്കുന്നതിനുള്ള  ബോധപൂര്‍വമായ ശ്രമവുമാണെന്ന് സിപിഐ എം. വസ്തുത മറയ്ക്കാനും സ്വയരക്ഷയ്ക്കുമായി ഡിവൈഎഫ്ഐ ഏറെക്കാലമായി നടത്തിവരുന്ന കറയറ്റ സാമൂഹ്യസേവനമായ രോഗികള്‍ക്കുള്ള പൊതിച്ചോർ വിതരണത്തെ അതുമായി ബന്ധിപ്പിക്കുകയായിരുന്നുവെന്ന‌് സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍ പറഞ്ഞു.
 
ആശുപത്രിയിലെ പൊതിച്ചോർ വിതരണവുമായി സംഭവങ്ങള്‍ക്ക് പുലബന്ധമില്ല. ശബരിമല വനിതാപ്രവേശവുമായി ബന്ധപ്പെട്ട് നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും ആര്‍എസ്എസ്-–- ബിജെപി സംഘപരിവാര്‍ ശക്തികള്‍ നടത്തിവന്ന ആക്രമണപരമ്പരകളില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ചിലരുടെ ഉറ്റബന്ധുക്കളാണ് ഈ വീട്ടമ്മമാര്‍. അവരെ അറസ്റ്റ‌് ചെയ്യിച്ചത‌് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന ബിജെപി നേതാക്കളുടെ വാക്കുകേട്ട് .ആയുധങ്ങളുമായി തെരുവിലിറങ്ങിയ ഈ വനിതകള്‍ പട്ടികജാതിക്കാരനായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എസ് ദീപക്കിനെ ജാതിപറഞ്ഞ് ആക്ഷേപിച്ച്  മീന്‍കഴുകിയ വെള്ളം തലവഴി ഒഴിച്ചശേഷം വീടുകയറി വെട്ടിയും അടിച്ചും പരിക്കേല്പിച്ച കേസിലെ പ്രതികളുമാണ്. ആ ആക്രമണം മറയ്ക്കാനുള്ള പുകമറയാണ് മനോരമ വാര്‍ത്ത.
 
ആര്‍എസ്എസ്–--ബിജെപി അക്രമിസംഘം നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും നടത്തിയ ആക്രമണപരമ്പരയുമായി ബന്ധപ്പെട്ട് ആനാട് വാഴവിള സ്വദേശികളും ബിജെപി പ്രവര്‍ത്തകരുമായ രാജേഷ്, രതീഷ് എന്നിവരെ പൊലീസ് അറസ്റ്റ‌്‌ ചെയ്തിരുന്നു. നെടുമങ്ങാട് എസ‌്ഐ സുനില്‍ഗോപിയെയും പൊലീസുകാരെയും ആക്രമിച്ച കേസിലെ മുഖ്യപ്രതികളാണിവര്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികള്‍ അറസ്റ്റിലായ അന്നുമുതല്‍ പ്രതികളുടെ ബന്ധുക്കള്‍ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീട്ടിലെത്തി അസഭ്യം വിളിക്കുന്നത‌് പതിവാക്കി. സംഭവം നടന്ന ദിവസം ജോലികഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ദീപക്കിനെ സമീപവാസികളും അറസ്റ്റിലായ  പ്രതി രാജേഷിന്റെ ബന്ധുക്കളുമായ അശ്വതി, മഞ്ജു, രജനി, വിനിത എന്നിവര്‍ ചേര്‍ന്ന് തടഞ്ഞുവച്ച് ജാതിപ്പേരു ചേര്‍ത്ത് അസഭ്യം വിളിച്ച‌് തലവഴി മീന്‍കഴുകിയ വെള്ളം ഒഴിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ദീപക്കിനെ സമീപം പതുങ്ങിനിന്ന ബിജെപി പ്രവര്‍ത്തകരായ റജിലാലും സജുവും ചേര്‍ന്ന് ഇഷ്ടികകൊണ്ട് എറിഞ്ഞുവീഴ്ത്തി. പരിക്കേറ്റ് വീട്ടിലേക്ക‌് ഓടിക്കയറാന്‍ ശ്രമിച്ച ദീപക്കിനെ വീട്ടുപടിക്കലിട്ട് ഈ വീട്ടമ്മമാര്‍ ഉള്‍പ്പെട്ട സംഘം ആക്രമിച്ചു. വൃദ്ധമാതാവും ബന്ധുക്കളും നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. അവര്‍ നിലവിളിച്ച് ആളെക്കൂട്ടിയാണ് ദീപക്കിനെ മരണത്തില്‍നിന്നു രക്ഷിച്ചത്. ഡി വൈഎഫ്ഐ പ്രവർത്തക‌രായ വിഷ്ണുവും ഷെമീനും എത്തിയാണ് ദീപക്കിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
 
ജനുവരി പതിമൂന്നിനായിരുന്നു സംഭവം. അന്നുതന്നെ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്നേദിവസം മനോരമ വാര്‍ത്തയില്‍ പറയുന്ന വീട്ടമ്മമാരില്‍ ഒരാളും ദീപക് തങ്ങളെ ആക്രമിച്ചെന്നു കാട്ടി രംഗത്തു വന്നിരുന്നില്ല. രാത്രിയോടുകൂടിയാണ് കേസുമായി ഇക്കൂട്ടര്‍ രംഗത്തു വരുന്നതും ആശുപത്രിയില്‍ ചികിത്സയ്ക്കായി എന്ന വ്യാജേന എത്തുന്നതും. പരിക്കോ അസ്വാസ്ഥ്യമോ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ പ്രാഥമികപരിശോധന നല്‍കി ഇവരെ വിട്ടയച്ചു. മടങ്ങിപ്പോയ സംഘം ബിജെപി നേതാക്കളുമായി എത്തി ആശുപത്രി അധികാരികളെ ഭീഷണിപ്പെടുത്തി  പ്രവേശനം വാങ്ങി.
 
അക്രമികള്‍ പ്രദേശത്ത‌് കരുതിക്കൂട്ടി സംഘടിച്ചതിനും തെളിവുണ്ട്. അക്രമികളിലൊരാള്‍ വട്ടിയൂര്‍ക്കാവ് മലമുകള്‍ സ്വദേശിനിയാണ്. ബന്ധുക്കളെ പൊലീസ് അറസ്റ്റുചെയ്ത പിറ്റേദിവസം വാഴവിളയില്‍ എത്തുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വീട്ടിലെത്തി അസഭ്യം വിളിക്കാന്‍ നേതൃത്വം നല്‍കിയതും ഇവരാണ്. മറ്റൊരാള്‍ അബ്കാരി കേസുകളില്‍ പലവട്ടം നടപടിക്കു വിധേയവരായവരും ഗുണ്ടാസംഘങ്ങളുമായി സജീവസൗഹൃദം പുലര്‍ത്തുന്നവരുമാണ്. വാസ്തവം ഇതായിരിക്കെ ആശുപത്രിക്കിടക്കയില്‍ വച്ച് അവരെടുത്ത ചിത്രമുപയോഗിച്ച് മനോരമ നുണ പരത്തുന്നു. തിരുത്തു കൊടുക്കാത്തപക്ഷം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ആര്‍ ജയദേവന്‍ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top