05 December Thursday
തിരുവനന്തപുരം നഗരസഭ

ലക്ഷ്യം വികസനത്തുടർച്ച:- മേയർ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
 
തിരുവനന്തപുരം
നഗരത്തിന്റെ സമഗ്ര വളർച്ചയ്‌ക്കായുള്ള വികസന പദ്ധതികളുടെ തുടർച്ചയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ മേയർ കെ ശ്രീകുമാർ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരവികസനത്തിന്‌ ജീവനക്കാരും കൗൺസിലർമാരും ഒരു മനസ്സോടെ പ്രവർത്തിക്കും. ഉറവിട മാലിന്യ സംസ്‌കരണം കൂടുതൽ ശക്തിപ്പെടുത്തും. നഗരത്തിലെ കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളിൽ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട്‌ പരിഹാരമുണ്ടാക്കും. ലൈഫ്‌ പദ്ധതി പ്രകാരം കൂടുതൽ വീട്‌  നിർമിച്ച്‌ നൽകും. രാജാജി നഗറിലെ പഴക്കമുള്ള ഫ്ളാറ്റുകൾക്ക്‌ പകരം പുതിയവ നിർമിച്ച്‌ നൽകും. ലൈഫ്‌ പദ്ധതി പ്രകാരം വീട്‌ വയ്‌ക്കാൻ സ്ഥലമില്ലാത്തവർക്ക്‌ സ്ഥലം കണ്ടെത്തി നൽകാനും ഇടപെടൽ ഉണ്ടാകും. എല്ലാ തെരുവുവിളക്കും കത്തിക്കാൻ നടപടിയുണ്ടാകും. നിലവിൽ 50 ശതമാനം തെരുവു വിളക്കുകൾ എൽഇഡിയാണ്‌. ബാക്കിയുള്ള തെരുവുവിളക്കും എൽഇഡിയിലേക്ക്‌ മാറ്റും. അറവുശാലകളുടെ പ്രവർത്തനത്തിന്‌ കർശനമായ മാനദണ്ഡം കൊണ്ടുവരും.  മാലിന്യ സംസ്‌കരണത്തിന്‌ ഉന്നൽനൽകും. 
ബിഎസ്‌യുപി പദ്ധതി പ്രകാരം കരിമഠം കോളനിയിൽ വികസനപ്രവർത്തനങ്ങൾ നടത്തും. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ ഇടപെടലുണ്ടാകും. സ്‌മാർട്‌ സിറ്റി, അമൃത്‌ പദ്ധതികൾ വേഗത്തിലാക്കും. വിവിധ ആവശ്യങ്ങൾക്ക്‌ നഗരസഭയിലെത്തുന്ന ജനങ്ങൾക്ക്‌ വേഗത്തിൽ സേവനം ലഭ്യമാക്കും. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും നടപടിയുണ്ടാകും. കോർപറേഷൻ ഓഫീസിൽ പഞ്ചിങ് മെഷീനും സിസിടിവികളും സ്ഥാപിക്കുമെന്നും മേയർ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top