20 November Wednesday

സ്‌നേഹപ്രവാഹമായി നാടും നഗരവും

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

ഡിവൈഎഫ്ഐ നന്ദിയോട് മേഖലാ കമ്മിറ്റി സമാഹരിച്ച സാധന സാമഗ്രികൾ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപാസുരേഷിന് കൈമാറുന്നു

 

പാലോട്
പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ ശേഖരിച്ചു. സമാഹരിച്ച സാധനസാമഗ്രികൾ ജില്ലാ പഞ്ചായത്തിന്റെ കലക്‌ഷൻ സെന്ററിലേക്ക് എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ദീപാസുരേഷ്, സെക്രട്ടറി എസ് മനോജ്, വൈസ് പ്രസിഡന്റ്‌ രാധാജയപ്രകാശ്, വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജി ആർ പ്രസാദ്, സിപിഐ എം നന്ദിയോട് ലോക്കൽ സെക്രട്ടറി ജി എസ് ഷാബി, പി എസ് പ്രഭു, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ്‌ ശേഖരണം നടത്തിയത്‌.
കുഞ്ഞിക്കുടുക്കയിലെ 
തുക ദുരിതാശ്വാസത്തിന്‌
നെടുമങ്ങാട് 
വിനോദയാത്ര പോകാന്‍ കുടുക്കയില്‍ കരുതിയ തുക ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സംഭാവന നല്‍കി കുരുന്നുകൾ. പനവൂര്‍ പഞ്ചായത്തിലെ മൊട്ടക്കാവ് നീനാസ് ബൈത്തിൽ റോബീരാജന്റെയും അജിതയുടേയും മക്കളായ ആർച്ചയും ആരോമലുമാണ് ഓണത്തിന് ടൂറു പോകാന്‍ കുടുക്കയില്‍ നിക്ഷേപിച്ചിരുന്ന ഇരുവരുടേയും കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ ഫണ്ടു പിരിക്കാനെത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്‌. 
സിപിഐ എം ആട്ടുകാൽലോക്കൽ കമ്മിറ്റി അംഗം റ്റി എസ്‌ സജികുമാർ തുക ഏറ്റുവാങ്ങി. എം എല്‍ സുരേഷ്, ബാബുരാജൻ, ജയരാജ്, വിമൽ, റോബീരാജൻ എന്നിവരും പങ്കെടുത്തു.
സഹായഹസ്തവുമായി
ഡിവൈഎഫ്ഐ
പാലോട്
പ്രളയ കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ ഡിവൈഎഫ്ഐ നന്ദിയോട് മേഖലാ കമ്മിറ്റി  അവശ്യസാധനങ്ങൾ ശേഖരിച്ചു. സമാഹരിച്ച സാധനസാമഗ്രികൾ നന്ദിയോട് പഞ്ചായത്ത് മുഖാന്തരം ജില്ലാപഞ്ചായത്തിന്റെ കലക്‌ഷൻ സെന്ററിലേക്കയച്ചു. വിതുര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ് എസ് സജീഷ്, മേഖലാ സെക്രട്ടറി എസ് ബി അരുൺ, പ്രസിഡന്റ്‌ വി ജെ ശ്രീഹരി, ആനന്ദ്,നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൈത്താങ്ങുമായി
എൻസിസി
കാട്ടാക്കട​
പ്രളയദുരിതബാധിതർക്ക് കൈത്താങ്ങായി എൻസിസി കേഡറ്റുകൾ. കാട്ടാക്കട ക്രിസ്ത്യൻ കോളേജ്‌ ശേഖരണകേന്ദ്രത്തിൽ  സ്‌കൂൾ കോളേജ് വിദ്യാർഥികളും പൊതുജനങ്ങളും ഇവരോടൊപ്പം കൈകോർത്തു. ശേഖരിച്ച സാധനങ്ങൾ  ശനിയാഴ്ച   മിലിറ്ററി വാഹനത്തിൽ തിരുവനന്തപുരത്ത്‌ എത്തിച്ച്‌ മേയർ വി കെ പ്രശാന്തിന്‌ കൈമാറും. വിവിധ സ്‌കൂൾ, കോളേജുകളിൽനിന്ന്‌ ശേഖരിക്കുന്ന വസ്‌തുക്കൾ ഒരുമിച്ച‌ാണ്‌ നഗരസഭയിൽ എത്തിക്കുക. കോളേജിന്റെ പ്രവേശനകവാടത്തോട്‌ ചേർന്നാണ്‌ എൻസിസി കലക്‌ഷൻ സെന്റർ പ്രവർത്തിക്കുന്നത്‌.
അതിജീവനത്തിനായി കൈകോർത്ത്‌ 
ക്രിസ്ത്യൻ കോളേജും
കാട്ടാക്കട 
പ്രളയ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്ന കൂടെപ്പിറപ്പുകൾക്ക് ഒരു കൈത്താങ്ങായി മരുന്നുകളും അവശ്യ വസ്തുക്കളും സ്വരൂപിക്കുകയാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ കലാലയ യൂണിയൻ. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്നാണ്‌ ശേഖരിക്കുന്നത്‌. അവശ്യസാധനമാണ്‌ ഇവിടെ ശേഖരിക്കുന്നത്. ആദ്യ സമാഹരണത്തിലെ ഒരു പങ്ക്‌ വിമൻസ് കോളേജിലും ഒരു പങ്ക്‌ നഗരസഭയിലും എത്തിക്കും. എല്ലാവരുടെയും ഭാഗത്തുനിന്ന്‌ മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന്‌ കോളേജ് പ്രിൻസിപ്പൽ ഡോ. വിൻസെന്റ് ജോയ് പറഞ്ഞു.
 
 

 

പ്രധാന വാർത്തകൾ
 Top