22 June Tuesday

പൊഴിയൂരിൽ നാനൂറോളം വീട് അപകടാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

പൊഴിയൂരിലെ കടൽക്ഷോഭം

പാറശാല
പൊഴിയൂർ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം. 400ഓളംവീടുകൾ അപകടാവസ്ഥയിൽ.നിരവധി വീടുകളിൽ വെള്ളം കയറി. 100 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പൊഴിയൂർ ഗവ. യുപിഎസ്, സെന്റ് മാത്യൂസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്.
പൊഴിയൂർ, പരുത്തിയൂർ, തെക്കേ കൊല്ലംകോട് തീരദേശ ഭാഗങ്ങളിലാണ്  വീടുകളിൽ വെള്ളം കയറിയത്.
കൊല്ലങ്കോട് ഫിഷർമെൻ കോളനി ഭാഗത്തെ 20 ഓളം വീടുകൾ പൂർണമായി തകർന്നു.  നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മുല്ലശേരി മുതൽ പരുത്തിയൂർ  ഭാഗത്തേക്കുള്ള ബീച്ച് റോഡിൽ  വെള്ളം കയറിയാൽ ഈ ഭാഗത്തെ നിരവധി വീടുകൾക്കും ഭീഷണിയാകും. കടലാക്രമണം കൂടുതൽ രൂക്ഷമായാൽ വിരാലി ഹൈസ്‌കൂൾ, ഉച്ചക്കട എൽപിഎസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ  നിയുക്ത എംഎൽഎ കെ ആൻസലൻ  സന്ദർശിച്ചു.
തമിഴ്നാട് അതിർത്തിയായ നീരോടിയിൽ കടൽക്ഷോഭത്തെ ചെറുക്കാൻ  അശാസ്ത്രീയമായ രീതിയിൽ പുലിമുട്ട് നിർമിച്ചതാണ് കേരള തീരത്തെ അതിർത്തി ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ കാരണമാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തമിഴ്നാട് ഭാഗത്തേക്ക് പോകുന്ന വള്ളവിള– - നീരോടി   തീരദേശ റോഡ് വെള്ളം കയറി തകർന്നു. ഈ റോഡിന് സമീപത്തെ സെന്റ് മാത്യൂസ് സിസ്റ്റേഴ്സ് കോൺവന്റ്, രാജീവ് ഗാന്ധി മത്സ്യവളർത്തൽ കേന്ദ്രം, പരുത്തിയൂർ ഇടവക സെമിത്തേരി തുടങ്ങിയവയും കടലാക്രമണ ഭീഷണിയിലാണ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top