24 February Monday

വ്യാജ ഡോക്ടര്‍ ചമഞ്ഞ് പണം തട്ടിപ്പ്‌; ബിജെപി നേതാവുൾപ്പെടെ 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020
നെടുമങ്ങാട് > വ്യാജ ആനഡോക്ടർ ചമഞ്ഞ്‌ പണം തട്ടിയ  നെടുമങ്ങാട് നവശബ്ദം ഫെയ്‌സ്ബുക്ക് പേജ് ഓണ്‍ലൈന്‍ മീഡിയ  അഡ്മിൻ ശ്രീജേഷ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. നെടുമങ്ങാട് നവശബ്‌ദം ഫെയ്‌സ്ബുക്ക് പേജ് അഡ്മിനും ബിജെപി പ്രാദേശികനേതാവുമായ കരിപ്പൂർ മണ്ണറവിളാകം വീട്ടിൽ ശ്രീജേഷ്(33),  കൊല്ലം ഐവർകാല കോവിക്കൽകുഴിയിൽ അരുൺ(26) എന്നിവരാണ് അറസ്റ്റിലായത്. സർക്കാരിന്റെ എലിഫന്റ് സ്ക്വാഡിലെ ഡോക്ടർമാരെന്ന വ്യാജേന ക്ഷേത്രങ്ങളിലെത്തി ആനകളെ പരിശോധിച്ച് പണം തട്ടുന്ന ഈ സംഘത്തെ കഴിഞ്ഞദിവസം പേട്ട പൊലീസാണ് അറസ്റ്റുചെയ്‌തത്. 
 
ക്ഷേത്രങ്ങൾ സന്ദർശിച്ച് ഭാരവാഹികളെയും ആനപ്പാപ്പാന്മാരെയും വിരട്ടി പണം കവരുകയാണ് ഇവരുടെ രീതി. പേട്ട മൂന്നാംമനയ്ക്കൽ ക്ഷേത്രത്തിൽ രണ്ടുപേരും ചൊവ്വാഴ്ചയെത്തി. എഴുന്നള്ളിപ്പിന്‌ കൊണ്ടുവന്ന ആനയെ പരിശോധിക്കുകയും പാപ്പാന്മാരെയും ക്ഷേത്ര ഭാരവാഹികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു പെരുമാറ്റത്തിൽ സംശയം തോന്നിയ ആനപ്രേമികൾ തിരിച്ച് ചോദ്യംചെയ്തപ്പോള്‍ സംഘത്തിന്‌ ഉത്തരംമുട്ടി. തുടർന്ന് ഇരുവരെയും നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും ചേർന്ന്‌ തടഞ്ഞുവച്ച് പേട്ട പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ വാഹനത്തിൽ എലിഫന്റ് ക്രിട്ടിക്കൽ കെയർ ആൻഡ്‌ റെസ്‌ക്യു യൂണിറ്റ് എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്. പേട്ട എസ്എച്ച്ഒ  കെ കെ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.   ഓൺലൈൻ വഴി വാർത്ത കൊടുക്കും എന്നു ഭീഷണിപ്പെടുത്തി ശ്രീജേഷ് പലരിൽനിന്നും പണപ്പിരിവ് നടത്തുന്നതായി നേരത്തേ ആക്ഷേപമുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top