29 May Friday

കിരീടം ചൂടി

എ സുൽഫിക്കർUpdated: Monday Oct 14, 2019

വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിനെ പാറക്കോവിൽ ജങ്ഷനിൽ നാട്ടുകാർ കിരീടം അണിയിച്ച് സ്വീകരിച്ചപ്പോൾ

തിരുവനന്തപുരം
തകർത്ത്‌ പെയ്യുന്ന മഴയിലും ഇലിപ്പോട്ടിലെ ഇടവഴികളിലാകെ പതിവില്ലാത്ത തിരക്ക്‌. ഞായറാഴ്‌ച വട്ടിയൂർക്കാവിനെയാകെ  കുളിരണിയിച്ച ആകാശംപോലും നമിച്ചുകാണും ഈ ജനാവലിയെ. അമ്മമാരും കുട്ടികളുമെല്ലാം മഴയത്തും തങ്ങളുടെ സ്ഥാനാർഥിയെ കാത്തിരുന്നു. സ്വീകരണകേന്ദ്രങ്ങളിൽ മാത്രമല്ല, വീടുകൾക്ക്‌ മുന്നിലും ഇടവഴിയിലുമെല്ലാം പ്രശാന്തിനെ കാണാനും പിന്തുണയറിയിക്കാനും നാടാകെ ഇറങ്ങുന്ന കാഴ്‌ച. മട്ടുപ്പാവിലും വരാന്തകളിലുമെല്ലാം കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ കാത്തുനിൽക്കുന്നു. കൊട്ടും പാട്ടും മുദ്രാവാക്യവുമായി യുവതയാകെ ഉത്സവലഹരിയിൽ.
 
വട്ടിയൂർക്കാവിന്റെ വഴികളിലൂടെ ജനങ്ങളുടെയാകെ മനം കവർന്നാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിന്റെ പര്യടനം മൂന്നാംദിവസം പിന്നിട്ടത്‌. പാങ്ങോട്‌ ജങ്‌ഷനിൽ ചീഫ്‌വിപ്പ്‌ കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. നാടൻപാട്ടും നൃത്തച്ചുവടുമായി ഉദ്‌ഘാടനകേന്ദ്രത്തിൽ വൻ വരവേൽപ്പാണ്‌ പ്രശാന്തിന്‌ ലഭിച്ചത്‌. സ്ഥാനാർഥിയെ മാലയണിയിച്ച്‌ സ്വീകരിക്കാൻ അമ്മമാരുടെ തിരക്ക്‌. റോസാപ്പൂക്കളും തോർത്ത്‌ മുണ്ടുമെല്ലാം നൽകി. "വട്ടിയൂർക്കാവിന്റെ മുഖം മാറ്റുന്ന വികസനത്തിന്‌ നേതൃത്വം നൽകുമെന്നും മേയറായിരുന്നപ്പോൾ നൽകിയ പിന്തുണ ഇനിയുമുണ്ടാകണമെന്നു'മുള്ള സ്ഥാനാർഥിയുടെ വാക്കുകൾക്ക്‌ മറുപടി നിറഞ്ഞ കരഘോഷം. 
 
വിജയകീരിടം പ്രശാന്തിന്റെ തലയിൽ അണിയിച്ചാണ്‌ ലാളിത്യമോൾ കാരവിളയിൽ സ്ഥാനാർഥിയെ സ്വീകരിച്ചത്‌. കിരീടം തിരികെ അണിയിച്ച്‌ കൈയും നൽകി പ്രശാന്ത്‌ ലാളിത്യയുടെ കൂട്ടുകാരനായി. ആപ്പിളും ഓറഞ്ചും പഴവുമെല്ലാം പ്രശാന്തിനായി ജനങ്ങൾ കാത്തുവച്ചു. മരുതംകുഴിയിലേക്ക്‌ പോകുകയായിരുന്ന സ്ഥാനാർഥിയെ വഴിയിൽ തടഞ്ഞ്‌ പൂമാല നൽകി വിനു സ്‌നേഹമറിയിച്ചു.
 
മേയർ ബ്രോ നിങ്ങൾ ജയിച്ചുകഴിഞ്ഞെന്നും കട്ട സപ്പോർട്ടെന്നും വിനു. ഞായറാഴ്‌ച അവധിയിൽ കടകളെല്ലാം അടഞ്ഞ മരുതംകുഴിയിൽ വൻ ജനാവലിയാണ്‌ പ്രശാന്തിനെ വരവേറ്റത്‌. സ്ഥാനാർഥിയെ കണ്ട്‌ യാത്രക്കാർ വാഹനങ്ങൾ നിർത്തിയിറങ്ങി പിന്തുണയറിയിച്ചു. വട്ടിയൂർക്കാവിലെ 24 വാർഡിലെ റോഡുകൾക്ക്‌ മാത്രമായി 120 കോടി രൂപയാണ്‌ നഗരസഭ ചെലവഴിച്ചതെന്ന വാക്ക്‌ നാട്ടുകാർ അനുഭവിച്ചറിഞ്ഞ നേർസാക്ഷ്യം. ഓരോ ഇടവഴി താണ്ടുമ്പോഴും വൃത്തിയുള്ള കുളങ്ങളും മാലിന്യമുക്ത പൊതുഇടങ്ങളുമെല്ലാം മേയറുടെ കൈയൊപ്പുള്ളത്‌. ഇടവിളാകം, വലിയവിള, കുഴിവിള, പടയണി എന്നിവിടങ്ങളിലും തങ്ങളുടെ സ്ഥാനാർഥിക്കായി രാത്രി വൈകിയും ജനം കാത്തിരുന്നു. എൽഡിഎഫിന് സ്വാധീനം കുറഞ്ഞ മേഖലകളിലടക്കം നാനാവിഭാഗങ്ങൾക്കിടയിൽനിന്ന്‌ വൻ സ്‌നേഹാദരം ഏറ്റുവാങ്ങിയാണ്‌ വാഹനപര്യടനം മരുതംകുഴി പാലത്തിൽ സമാപിച്ചത്‌.
പ്രധാന വാർത്തകൾ
 Top