26 August Monday

‘ഒള്ളതുപോലെ എല്ലാവരും ചേർന്ന്‌ അവരെ സഹായിക്കണം’

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

തിരുവനന്തപുരം

‘ഒള്ളതുപോലെ എല്ലാവരുംചേർന്ന്‌ അവരെ സഹായിക്കണം. ഒരോന്ന്‌ കേട്ടിട്ട്‌ ആഹാരം തൊണ്ടയിൽനിന്ന്‌ ഇറങ്ങുന്നില്ല മക്കളേ..’തായിയുടെ കണ്ണുകൾ നിറഞ്ഞു.  സ്വന്തം കൂടപ്പിറപ്പുകളെ പോലുള്ളവർ അനുഭവിക്കുന്ന വേദന കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതിന്റെ തുടിപ്പുണ്ട്‌ ഈ എൺപത്തെട്ടുകാരിയുടെ  വാക്കുകളിൽ.  പച്ചക്കറി വിറ്റ്‌ കിട്ടിയ തുച്ഛമായ തുകയിൽനിന്ന്‌ ഒരുവിഹിതം തായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നീട്ടിയ ബക്കറ്റിൽ നിക്ഷേപിച്ചു. ‘ഉള്ളത്‌ തന്നാൽ മതി’ എന്ന കോടിയേരിയുടെ വാക്കുകൾ കേട്ടപാടെ  പെട്ടിയിൽനിന്ന്‌ കൈയിൽ തടഞ്ഞത്‌ എടുത്തിടുകയായിരുന്നു അവർ. പാളയം മാർക്കറ്റിൽ ആറുവയസ്സുമുതൽ തായിയുടെ സാന്നിധ്യമുണ്ട്‌. മാർക്കറ്റിൽനിന്ന്‌ പച്ചക്കറി വാങ്ങി അവിടെത്തന്നെ വിൽപ്പന നടത്തുകയാണ്‌. തായിയെ പോലെ നിരവധി പേരാണ്‌ സിപിഐ എം നേതൃത്വത്തിലുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സംഭാവന നൽകിയത്‌. പാളയം മാർക്കറ്റിലെ ഫണ്ട്‌ ശേഖരണത്തിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചാലയിൽ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി നേതൃത്വം നൽകി. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാനകമ്മിറ്റിയംഗം വി ശിവൻകുട്ടി, ജില്ലാകമ്മിറ്റിയംഗം, ഇ ജി മോഹനൻ, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ എന്നിവർ ഒപ്പമുണ്ടായി. . ഏരിയ സെക്രട്ടറി എസ്‌ എ സുന്ദർ ഒപ്പമുണ്ടായി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top