24 January Friday

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ലക്ഷം ദീപം നാളെ തെളിയും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ലക്ഷദ്വീപത്തിനൊരുങ്ങിയ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

തി രുവനന്തപുരം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ബുധനാഴ്‌ച ലക്ഷദീപ പ്രഭയിൽ. ആറ് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ലക്ഷദീപത്തിനായുള്ള  ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 25,000 മൺചെരാതുകൾ ക്ഷേത്രത്തിനുള്ളിൽ കത്തിക്കും. ബാക്കി വിവിധ തരത്തിലുള്ള ആകർഷകമായ വൈദ്യുതി വിളക്കുകളാണ്. മംഗളൂരുവിൽനിന്ന്‌ കൊണ്ടുവന്ന പല ദിശകളിൽ കറങ്ങുന്ന വിളക്കു ഗോപുരമാണ് ഇത്തവണത്തെ പ്രത്യേകത. എണ്ണയിൽ എരിയുന്ന തിരികളാണ്‌  ഇതിൽ കത്തിക്കുന്നത്. 21,000 പേർക്കാണ് ദർശനം അനുവദിക്കുന്നത്. പാസ് വിതരണത്തിൽ അപാകതയുണ്ടെന്നും പരാതി ഉയർന്നു. സുരക്ഷാ ക്രമീകരണങ്ങൾ കാരണം ബാർ കോഡ് ഉൾപ്പടെയുള്ള പാസുകളാണ് വിതരണം ചെയ്യുന്നത്. നാല് നടയിലൂടെയാണ് ക്ഷേത്രത്തിനുള്ളിലേക്ക് കയറ്റി വിടുന്നത്. ഏത് നട വഴി കയറണമെന്ന് പാസിലുണ്ട്‌. വടക്കെ നടയിലുള്ള തിരുവമ്പാടി നടയിലൂടെയാണ്  വിഐപി പാസുള്ളവർ കയറേണ്ടത്.രാജകുടുംബാംഗങ്ങൾ തെക്കെ നടയിലുള്ള ചെമ്പകത്ത് മുട്ട് നടവഴി കയറും. പാസ് ഇല്ലാത്തവർക്ക് കാണാൻ പ്രത്യേക സംവിധാനം ഒരുക്കി. തത്സമയം കാണാൻ വലിയ സ്ക്രീനുകളും സജ്ജീകരിച്ചു.  
കാളിന്ദിയിലെന്ന പോലെ രാധയും കൃഷ്ണനും പത്മതീർഥക്കുളത്തിൽ നൃത്തമാടുന്ന രാധേശ്യാം എന്ന നൃത്തമേള ചൊവ്വാഴ്ച വൈകിട്ട് 6.45 ന് നടക്കും. സൂര്യാ കൃഷ്ണമൂർത്തി  സംവിധാനം ചെയ്ത  നൃത്തശിൽപ്പത്തിൽ മുന്നൂറോളം നർത്തകർ പങ്കെടുക്കും. കുളത്തിന് നടുവിൽ ഒരു ദ്വീപ് കെട്ടിയാണ്‌ ഇതിന്‌ ഇടമൊരുക്കിയിരിക്കുന്നത്‌. 
പ്രധാന വാർത്തകൾ
 Top