പേരൂർക്കട
അമ്പലമുക്ക് കുരിശടിക്കു മുന്നിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. പേരൂർക്കട ഭാഗത്തുനിന്ന് ശാസ്തമംഗലം, കവടിയാർ, കേശവദാസപുരം, ഉള്ളൂർ, മുറിഞ്ഞ പാലം, പൊട്ടക്കുഴി, മുട്ടട പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിനുപയോഗിക്കുന്ന 700 എംഎം പ്രിമോ പൈപ്പാണ് പാെട്ടിയത്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനായുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച്ച രാവിലെ ആറോടെയാണ് പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടൽ അറിയാതെ അവിടെയെത്തിയ ടിപ്പർ ലോറി റോഡിൽ ഇടിഞ്ഞുതാണു. ഉടൻ വാട്ടർ അതോറിറ്റി പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം നിർത്തിവച്ചു. ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഒന്നര മീറ്ററിലധികം ആഴത്തിലുള്ള 40 വർഷത്തിലധികം പഴക്കമുള്ള പൈപ്പിന്റെ അടിഭാഗമാണ് പൊട്ടിയത്. സൂപ്രണ്ടിങ് എൻജിനിയർ സുരേഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് എൻജിനിയർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്. രാത്രി വൈകിയും അറ്റകുറ്റപ്പണി തുടരുകയാണ്.
ബുധനാഴ്ച പുലർച്ചയോടെ പ്രവൃത്തി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാനാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അമ്പലമുക്ക്, കവടിയാർ, കുറവൻകോണം, മരപ്പാലം, മുറിഞ്ഞപാലം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കേശവദാസപുരം, മുട്ടട ഭാഗങ്ങളിൽ ബുധനാഴ്ച ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.