22 September Sunday

നന്മ നിറച്ച കിറ്റുകൾ

സ്വന്തം ലേഖികUpdated: Tuesday Aug 13, 2019

ഭിന്നശേഷിക്കാരായ അജിയും പ്രീതയും ഭാരത്‌ ഭവനിൽ എത്തി അവശ്യ സാധനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്‌ കൈമാറുന്നു

തിരുവനന്തപുരം

ചലനപരിമിതികൾ അജിയുടേയും പ്രീതയുടേയും സഹജീവി സ്നേഹത്തിന്‌ വിലങ്ങായില്ല. വീൽചെയറിലിരുന്ന്‌ സ്വന്തമായി തയാറാക്കിയ ശുചീകരണ വസ്തുക്കളുമായാണ്‌ ഇരുവരും ഭാരത്‌ ഭവനിലെ യുവജന ക്ഷേമ ബോർഡിന്റെ കലക്ഷൻ സെന്ററിൽ എത്തിയത്‌. 
 
പ്രളയത്തിലകപ്പെട്ട്‌ സർവതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക്‌ തങ്ങളാൽ കഴിയുന്ന സഹായമെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അവർ. ഫിനോയിൽ, ഹാൻഡ്‌ വാഷ്‌, ഫ്ലോർ ക്ലീനർ, ബാത്‌റൂം ക്ലീനർ തുടങ്ങി വീട്ടിലേക്ക്‌ മടങ്ങുന്ന പ്രളയബാധിതർക്ക്‌ ശുചീകരണത്തിന്‌ ആവശ്യമായ വസ്തുക്കളെല്ലാം കരുതിയിരുന്നു ഇരുവരും. ഉപജീവനത്തിനായി ശുചീകരണ വസ്തുക്കൾ നിർമിക്കാൻ സന്നദ്ധ സംഘടനയിൽനിന്ന്‌ ലഭിച്ച പരിശീലനം ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പ്രയോജനപ്പെടുത്തുകയായിരുന്നു അജിയും പ്രീതയും. കാട്ടാക്കട സ്വദേശിയാണ്‌ അജി. പ്രീത തോന്നയ്ക്കൽ സ്വദേശിയും. 
 
നടൻ ഇന്ദ്രൻസ്‌ കുടുംബസമേതമാണ്‌ സഹായസാമഗ്രികൾ കൈമാറാൻ എത്തിയത്‌. അരി, ഭക്ഷ്യ വസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങി ഒരു വണ്ടിനിറയെ വസ്തുക്കളാണ്‌ മലയാളികളുടെ പ്രിയനടൻ നൽകിയത്‌.
 
യുവജനക്ഷേമ ബോർഡിന്റെ സഹായസാമഗ്രികളടങ്ങിയ ആദ്യ ലോഡ്‌ തിങ്കളാഴ്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. കണ്ണൂരിലേക്കാണ്‌ ആദ്യ വണ്ടി യാത്രയായത്‌. ചെറുതും വലുതുമായ സഹായങ്ങളുമായി നഗരത്തിലെ വിവിധ കലക്ഷൻ സെന്ററുകളിലേക്ക്‌ ഒഴുകിയെത്തുകയാണ്‌ ജനം. നൂറ്‌ ഗ്രാം പായ്‌ക്കറ്റ്‌ മുതൽ ലോഡ്‌ കണക്കിന്‌ സാധനങ്ങളുമായി എത്തുന്നവർ വരെയുണ്ട്‌.  തിരുവനന്തപുരം നഗരസഭാ ഓഫീസിലെ പ്രധാന കലക്ഷൻ സെന്ററിൽ ആളൊഴിഞ്ഞ നേരമില്ല. കോട്ടൺഹിൽ ഗവ. ഗേൾസ്‌ സ്കൂൾ, വഴുതക്കാട്‌ വിമെൻസ്‌ കോളേജ്‌, ജില്ലാ ഭരണനേതൃത്വം എസ്‌എംവി മോഡൽ ബോയ്‌സ്‌ ഹയർസെക്കൻഡറി സ്കൂളിൽ നടത്തുന്ന കലക്ഷൻ ക്യാമ്പ്‌ എന്നിവിടങ്ങളിലും സ്ഥിതി മറിച്ചല്ല
പ്രധാന വാർത്തകൾ
 Top