21 August Wednesday

കല്ലിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

ബാലരാമപുരം

വൃദ്ധർക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതിയിൽ നടന്ന ലക്ഷങ്ങളുടെ അഴിമതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ട‌് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ കല്ലിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. കല്ലൂർ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചും ധർണയും സിപിഐ എം ജില്ലാ കമ്മറ്റി അംഗം പി രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളായണി ലോക്കൽ സെക്രട്ടറി എസ് വിജയകുമാർ അധ്യക്ഷനായി. നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, കല്ലിയൂർ ശ്രീധരൻ, ജി വസുന്ധരൻ,  ജി എൽ ഷിബുകുമാർ, കല്ലിയൂർ ലോക്കൽ സെക്രട്ടറി എസ് ആർ ശ്രീരാജ്, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക‌‌ായുള്ള "വൃദ്ധർക്ക് കട്ടിൽ' എന്ന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി ടെൻഡർ ക്ഷണിച്ചപ്പോൾ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മുണ്ടികുന്നിൽ എൻജിനീയറിങ‌് വർക്സ് എന്ന സ്ഥാപനത്തിനാണ് കരാർ ഉറപ്പിച്ചത‌്. എന്നാൽ പദ്ധതി കൃത്യസമയത്ത് നടപ്പിലാക്കാൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും അനുവദിച്ചില്ലെന്ന ആരോപണമുണ്ട‌്. ഫെബ്രുവരി മാസത്തിൽ വിതരണം ചെയ്യേണ്ടിയിരുന്ന കട്ടിലുകൾ കരാറുകാരനെ ഭീഷണിപ്പെടുത്തി വൈകിപ്പിച്ചു. മാർച്ച് മാസത്തിൽ പഞ്ചായത്ത് ഭാരവാഹികളിൽ ഒരാൾ കരാറുകാരനെ ഭീഷണിപ്പെടുത്തിയ ശേഷം 3.26 ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടു നൽകണമെന്നും ജിഎസ‌്ടി ബിൽ നൽകണമെന്നും പറഞ്ഞു. തങ്ങളുടെ ആൾക്കാർ കട്ടിൽ നിർമിക്കുമെന്നും അയാൾ പറഞ്ഞിരുന്നതായും ആരോപണമുണ്ട‌്. ഇതനുസരിച്ച് കരാറുകാരൻ പണവും ബില്ലും നൽകി. പക്ഷേ നാളിതുവരെ ഒരു ഗുണഭോക്താവിന് പോലും കട്ടിൽ നൽകിയില്ല. ഐസിഡിഎസ് സൂപ്പർവൈസറെ വരുതിയിലാക്കി ഇപ്പോൾ ബില്ല് ട്രഷറിയിൽ നൽകിയിരിക്കുകയാണ്. സമാനമായ അഴിമതികളാൽ സമ്പന്നമാണ് കല്ലിയൂർ പഞ്ചായത്ത് ഭരണം. എൽഇഡി ലൈറ്റ് അഴിമതി, കോഴിക്കൂട് വിതരണം, തൊഴിലുറപ്പ് തുടങ്ങിയ എല്ലാ മേഖലയിലും അഴിമതി ആരോപണമുണ്ട‌്.

പ്രധാന വാർത്തകൾ
 Top