18 June Tuesday

അവഗണനയുടെ ട്രാക്കിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ

പ്രസാദ് ഇളംകുളംUpdated: Tuesday Mar 12, 2019

ആറ്റിങ്ങല്‍ പാർലമെന്റ് മണ്ഡലത്തിലെ ചിറയിൻകീഴ്‌, വർക്കല, റെയിൽവേ സ്‌റ്റേഷനുകളിലും കൊല്ലത്തും വച്ചുപിടിപ്പിക്കാനായി എത്തിച്ച കസേരകള്‍ കൊച്ചുവേളി റെയിൽവേ സ്റ്റേഷനില്‍ കൂട്ടിയിട്ട നിലയിൽ

തിരുവനന്തപുരം 

ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നായിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ അവഗണനയുടെ ട്രാക്കിലാണ‌് കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ. നിരവധി ദീർഘദൂര ട്രെയിനുകൾ പുറപ്പെടുന്ന  കൊച്ചുവേളി സ്റ്റേഷന്റെ അടുത്തഘട്ട വികസനപ്രവർത്തനങ്ങൾക്ക‌് കഴിഞ്ഞ ജൂണിൽ തുടക്കമാകുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ മന്ത്രി ജി സുധാകരനെ അറിയിച്ചിരുന്നു. എന്നാൽ, സ‌്റ്റേഷൻ വികസനം എങ്ങുമെത്താതെ ഇഴയുകയാണ‌്. നാലു പ്ലാറ്റ്‌ഫോമുകൾക്കായുള്ള പാളങ്ങളും അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകൾ നിർത്തിയിടാനുള്ള മൂന്ന് സ്റ്റേബ്ലിങ് ലൈനുകളും സ്ഥാപിക്കുമെന്നും രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളും ആധുനിക സിഗ്‌നൽ സംവിധാനവും സജ്ജമാക്കുമെന്നുമാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത‌്. നിലവിലുള്ള സ്ഥലത്ത് രണ്ടോ മൂന്നോ പാളങ്ങൾ നിർമിച്ചാൽ ഇവിടെ യാത്ര അവസാനിപ്പിക്കുന്ന വണ്ടികൾക്കൊക്കെ ഇവിടെ തന്നെ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താനാകും. ഇപ്പോൾ പാളങ്ങൾ തികയാത്തതിനാൽ ട്രെയിനുകൾ  പരവൂർ, കടയ‌്ക്കാവൂർ,  കഴക്കൂട്ടം സ‌്റ്റേഷനുകളിൽ ഒതുക്കി ഇടുകയാണ്. ഈ ട്രെയിനുകൾ പരിപാലനത്തിനും യാത്ര തുടങ്ങാനുമാzയി വീണ്ടും കൊച്ചുവേളിയിലേയ്ക്ക് തിരികെ കൊണ്ടുവരും. ഇത് റെയിൽവേയ്ക്ക്  അധിക ചെലവ് കൂടി ആണ്. ഇനിയൊരുതരിമ്പും സൗകര്യമില്ലാത്ത തിരുവനന്തപുരം സെൻട്രലിലെ കുരുക്കഴിച്ച് ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കണമെങ്കിൽ അടിയന്തരമായി കൊച്ചുവേളിയിൽ രണ്ട് പ്ലാറ്റുഫോം ലൈനുകളും രണ്ട് സ‌്റ്റേബ്ലിങ് ലൈനുകളും നിർമിക്കണം. അതിന് ശക്തമായ രാഷ്ട്രീയ ഇടപെടൽ ആവശ്യമാണ‌്. തലസ്ഥാനത്തിന്റെ എംപി എന്ന നിലയിൽ ശശി തരൂർ വികസനത്തിന‌് യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ‌്. ആറ്റിങ്ങൽ മണ്ഡലത്തിലെ ചിറയിൻകീഴ്‌, വർക്കല റെയിൽവെ സ്റ്റേഷനിലേക്ക‌് കൊണ്ടുപോകാനായി എത്തിച്ച കസേരകൾ കഴിഞ്ഞ കുറച്ചുനാളുകളായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ കൂട്ടി ഇട്ടിരിക്കുകയാണ്. ദീർഘദൂര യാത്രയ്ക്ക് പോകേണ്ട യാത്രക്കാർക്ക്  ഇപ്പോൾ ഇരിക്കാനോ, നിൽക്കാനോ കഴിയാത്ത അവസ്ഥയാണ‌്. സ്റ്റേഷനിൽ പ്ലാറ്റുഫോം ഒന്നിനെയും രണ്ടിനെയും തമ്മിലും ഇവയെ മൂന്നും നാലും പ്ലാറ്റുഫോമുകളുമായും  ബന്ധിപ്പിക്കുന്ന ട്രോളിപാത്ത് ഇല്ലാത്തതുകാരണം പാർസൽ കയറ്റിറക്ക് അങ്ങേയറ്റം ബുദ്ധിമുട്ടാണ്. ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് രണ്ടാമത് പ്ലാറ്റ‌്ഫോമിൽ എത്തുന്നതിനും തിരിച്ചുപോകുന്നതിനും  സൗകര്യമില്ല. ഒരു പ്ലാറ്റ‌്ഫോമിലും ലിഫ്റ്റ്/എസ്കലേറ്റർ സൗകര്യമോ ഫലപ്രദമായ പബ്ലിക് അനൗൺസ്‌മെന്റ് സംവിധാനമോ ഇല്ല. പലപ്പോഴും ട്രെയിനുകൾ വൈകുമ്പോൾ യാത്രക്കാർക്ക് യാതൊരറിയിപ്പും കിട്ടാറില്ല. വിവരാന്വേഷണ കേന്ദ്രവുമില്ല. ഇത്തരം വിഷയങ്ങൾ നാട്ടുകാരും യാത്രക്കാരും എംപി ശശി തരൂരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല.

പ്രധാന വാർത്തകൾ
 Top